കനയ്യയുടെയും ഉമറിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു
|ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ നിന്നും ഭീഷണി കത്തും തോക്കും ലഭിച്ച സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കിയത്
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെയും ഉമര്‍ ഖാലിദിന്രെയും സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ നിന്നും ഭീഷണി കത്തും തോക്കും ലഭിച്ച സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും കനയ്യ കുമാറിന് നേരെ ആക്രമണ ശ്രമം ഉണ്ടായിരുന്നു.
കാമ്പസില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണത്തിന്റെ പേരില്‍ അറസ്റ്റിലായത് മുതല്‍ തന്നെ കനയ്യക്കും ഉമര്‍ ഖാലിദിനും പല വിധത്തില്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് നിര്‍ത്തിയിട്ടിരുന്ന ബസ്സിനകത്ത് നിന്നും ഭീഷണി സന്ദേശത്തിനൊപ്പം തോക്കും പിസ്റ്റലുകളും പൊലീസ് കണ്ടെടുത്തത്. തോക്ക് അടക്കമുള്ളവ ബാഗിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂത്ത് ആക്ഷന്‍ കമ്മറ്റി സംഘടിപ്പിച്ച അംബേദ്കര്‍ ജന്മദിന വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ കനയ്യ കുമാര്‍ സഞ്ചരിച്ച കാര്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
ഇന്നലെ നാഗ്പൂരില്‍ നടന്ന അംബേദ്കര്‍ അനുസ്മരണ പരിപാടിയില്‍ കനയ്യ സംസാരിക്കവെ വേദിയിലേക്ക് ഷൂ എറിയുകയും 15ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമം നടത്തുകയുമുണ്ടായി. പല തവണ കനയ്യ കുമാറിന് നേരെ വധഭീഷണി ഉണ്ടായിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം ആക്രമണം ഉണ്ടാകുന്നത് ആദ്യമാണ്.