മേവാനിയും അല്‍പേഷും; ബിജെപിയെ ഞെട്ടിച്ച രണ്ട് യുവതുര്‍ക്കികളും ജയിച്ചു
|ജിഗ്നേഷ് മേവാനി വാദ്ഗാമില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജനവിധി തേടിയതെങ്കില്‍ അല്‍പേഷ് രാധന്‍പൂരില്‍ മത്സരിച്ചത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്.
ഗുജറാത്തില്‍ ഒരു ഭാഗത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിച്ചപ്പോള്‍ മറുഭാഗത്ത് ദലിത് നേതാവ് ജിഗ്നേഷ് മേവാനി, ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍, പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നീ മൂന്ന് യുവതുര്‍ക്കികള്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച മേവാനിയും അല്‍പേഷും വിജയിക്കുകയും ചെയ്തു.
ജിഗ്നേഷ് മേവാനി വാദ്ഗാമില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജനവിധി തേടിയതെങ്കില്‍ അല്‍പേഷ് രാധന്‍പൂരില്‍ മത്സരിച്ചത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. ആദ്യ ഘട്ടത്തില്‍ അല്‍പേഷ് പിന്നിലായിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി ലീഡ് ഉയര്‍ത്തി. ബിജെപി സ്ഥാനാര്‍ഥിയായ സോളങ്കി ലാവിഞ്ചിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വിജയിക്കുകയും ചെയ്തു. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് അല്‍പേഷ് പിടിച്ചെടുത്തത്.
ആശയപരമായ വ്യത്യാസങ്ങള്‍ക്കിടയിലും മേവാനിയെയും അല്‍പേഷിനെയും ഹര്‍ദികിനെയും ഒരുമിപ്പിച്ചത് ബിജെപി വിരുദ്ധ രാഷ്ട്രീയമാണ്. ഇവരില്‍ മേവാനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടായിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാതെ സ്വതന്ത്രനായി ജനവിധി തേടാനാണ് അദ്ദേഹം തീരുമാനിച്ചത്. ദലിത്- ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ കഴിയുമെന്ന അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം വോട്ടായി മാറുകയും ചെയ്തു.
പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്ന ആവശ്യമാണ് ഹര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസിനോട് അടുപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം തികയാതിരുന്ന ഹര്‍ദിക് പട്ടേല്‍ വോട്ടുകള്‍ സമാഹരിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചു.