സൊഹ്റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ്: 40 സാക്ഷികളില്‍ 27 പേര്‍ കൂറുമാറി
|ഈ കേസിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ സ്പെഷ്യല്‍ സിബിഐ കോടതി വിലക്കിയിരുന്നതിനാല്‍ ഇക്കാര്യം പുറത്തുവന്നില്ല
സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ 40 സാക്ഷികളില്‍ 27 പേര്‍ കൂറുമാറി. ഈ കേസിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ സിബിഐ സ്പെഷ്യല്‍ കോടതി വിലക്കിയിരുന്നതിനാല്‍ ഇക്കാര്യം പുറത്തുവന്നില്ല. 2017 നവംബര്‍ 29ന് ഏര്‍പ്പെടുത്തിയ മാധ്യമ വിലക്ക് കഴിഞ്ഞ ആഴ്ചയാണ് ബോംബെ ഹൈക്കോടതി നീക്കിയത്.
പ്രതികള്‍ക്കെതിരെ ആദ്യ ഘട്ടത്തില്‍ മൊഴി നല്‍കിയ 40 സാക്ഷികളില്‍ 27 പേരാണ് വിചാരണ വേളയില്‍ മൊഴി മാറ്റിയത്.
മഹാരാഷ്ട്രയിലേക്ക് ബസില്‍ പോകുമ്പോഴാണ് സൊഹ്റാബുദ്ദീനെ പൊലീസ് സംഘം പിടികൂടിയത്. സൊഹ്റാബുദ്ദീനെ ബസ്സില്‍ നിന്നും പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് കണ്ടുവെന്ന് നേരത്തെ മൊഴി നല്‍കിയ ബസ് ഡ്രൈവറും ക്ലീനറും യാത്രക്കാരും അങ്ങനെയൊരു സംഭവം കണ്ടിട്ടില്ലെന്ന് വിചാരണക്കിടെ മൊഴി മാറ്റി.
സൊഹ്റാബുദ്ദീനെ കൊന്ന പൊലീസ് സംഘത്തെ അനുഗമിച്ചിരുന്നുവെന്ന് നേരത്തെ മൊഴി നല്‍കിയ കോണ്‍സ്റ്റബിളും മൊഴി മാറ്റി. മുന്‍പ് കേസന്വേഷിച്ച ക്രൈം ഇന്‍വെസ്റ്റിഗേറ്റിങ് ഡിപാര്‍ട്ട്മെന്‍റ് സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണ് സൊഹ്റാബുദ്ദീനെ കൊന്ന പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നെന്ന് മൊഴി നല്‍കിയതെന്നാണ് ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ പറയുന്നത്.
2015ല്‍ സൊഹ്‌റാബുദ്ദീന്‍ ശെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചെന്നാണ് കേസ്. കേസില്‍ ദൃക്സാക്ഷിയായിരുന്ന തുളസിറാം പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. ആദ്യം ഗുജറാത്ത് സിഐഡി അന്വേഷിച്ച കേസ് 2012ലാണ് സിബിഐ ഏറ്റെടുത്തത്. അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെ 38 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ ഷാ ഉള്‍പ്പെടെ 15 പേരെ കുറ്റവിമുക്തരാക്കി. ബാക്കിയുള്ളവര്‍ക്കെതിരെയാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്. ഇനി ഫെബ്രുവരി ഒന്നിനാണ് സാക്ഷിവിസ്താരം.