രക്ഷാബന്ധന് ദിനത്തില്‍ സഹോദരിമാര്‍ക്ക് ശൌചാലയം സമ്മാനമായി നല്കിയ സഹോദരന്മാര്
|കുറച്ചു പേര് ശൌചാലയം നിര്‍മ്മിച്ചു കൊടുക്കുമെന്നു പ്രതിജ്ഞയും എടുത്തു
വൃത്തിയുള്ള ശൌചാലയം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അപൂര്‍വ്വ കാഴ്ചയാണ്. അതുകൊണ്ട് തന്നെ ശൌചാലയം നിര്‍മ്മിക്കുക എന്നതും അതിശയപ്പെടുത്തുന്ന കാര്യമാണ്. താലിമാല പണയം വച്ച് ടോയ്ലറ്റ് നിര്‍മ്മിച്ച യുവതിയുടെ കഥ ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു, ഇതുപോലെ ശൌചാലയത്തിന് വേണ്ടിയുള്ള നിരവധി സംഭവങ്ങള്‍. ഉദയ്പൂരിലെയും അജ്മീരിലെയും ഒരു കൂട്ടം സഹോദരന്മാര് രക്ഷാബന്ധന് ദിനത്തില്‍ വളരെ ധീരമായ തീരുമാനം തന്നെയാണ് എടുത്തത്. സഹോദരിമാര്‍ക്ക് ശൌചാലയം നിര്‍മ്മിച്ചു നല്‍കിയാണ് ഈ സഹോദരന്മാര് മാതൃകയായത്. കുറച്ചു പേര് ശൌചാലയം നിര്‍മ്മിച്ചു കൊടുക്കുമെന്നു പ്രതിജ്ഞയും എടുത്തു.
മുപ്പത്തിയഞ്ചുകാരനായ പ്രേം ചന്ദ് ശര്‍മ്മ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നാഗ്പൂരിലെ രോഹിണി നഗറില്‍ വിവാഹം കഴിച്ചയച്ച സഹോദരിക്ക് പ്രേം നല്‍കിയത് ഒരു ടോയ്ലറ്റാണ്. ഏഴ് സഹോദരിമാരാണ് പ്രേമിനുള്ളത്. ബാക്കിയുള്ളവര്‍ക്കും ശൌചാലയം നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രം പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷനാണ് പ്രേമിന് പ്രചോദനമായത്. നാഗ്പൂര്‍ ജില്ലാ കലക്ടറും ശൌചാലയം നിര്‍മ്മിക്കാന്‍ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ 12,000 രൂപ ധനസഹായവും ലഭിച്ചു. എന്റെ സഹോദരിമാര്‍ പ്രാഥമിക ആവശ്യം നിര്‍വ്വഹിക്കാന്‍ വെളിമ്പ്രദേശങ്ങളിലേക്ക് പോകുന്നത് എന്നെ വിഷമിപ്പിച്ചു, അതുകൊണ്ടാണ് ശൌചാലയം നിര്‍മ്മിച്ചുകൊടുക്കാന്‍ തീരുമാനിച്ചതെന്നും പ്രേം ചന്ദ് പറഞ്ഞു. ഒരു മകളുമുണ്ട് പ്രേം ചന്ദിന്. അവള്‍ക്കും ഇത്തരത്തില്‍ ഒരു അവസ്ഥ വരുന്നത് തനിക്ക് സഹിക്കാനാവില്ലെന്നും പ്രേം കൂട്ടിച്ചേര്‍ത്തു. 92,000 രൂപയാണ് ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ചെലവായത്.
ഉദയ്പൂരിലെ മാത്രമല്ല, ഭലോണ് കാ ഗുഡയിലെ സഹോദരിമാര്‍ക്കും ഈ രക്ഷാബന്ധന് ദിനം മറക്കാനാവാത്ത ദിവസമായിരുന്നു. നിത്യജീവിതത്തില്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തിനുള്ള പരിഹാരവും കൊണ്ടായിരുന്നു അവരുടെ സഹോദരന്മാര് കാണാനെത്തിയത്. ഒക്ടോബര്‍ 2നു മുന്‍പ് ശൌചാലയം നിര്‍മ്മിച്ചു നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.