സിമി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
|പൊലീസ് വാദങ്ങള്‍ കൂടുതല്‍ ദുര്‍ബലമാണെന്ന വിവരങ്ങളാണ് ദൃശ്യത്തിലുളളത്
എട്ട് സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുന്നു. മൃതദേഹങ്ങള്‍ക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. നിലത്ത് വീണ് കിടക്കുന്ന സിമി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിക്കുന്നതായി നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടി എന്ന് പൊലീസ് വ്യക്തമാക്കിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ശേഷമാണ് വീഡിയോ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലത്ത് പാറപ്പുറത്ത് നിരത്തിയിട്ട നിലയിലാണ് മൃതദേഹങ്ങള്‍. സിമി പ്രവര്‍ത്തകരുടെ മൃതദേഹമാണ് ആദ്യം പകര്‍ത്തിയിരിക്കുന്നത്. ശേഷം മറ്റൊരാളുടെ നിര്‍ദേശപ്രകാരം പൊലീസ് യൂണിഫോമിലല്ലാത്ത വ്യക്തി മൃതദേഹത്തിന്റെ അരയില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ സ്റ്റീല്‍ പ്ലേറ്റ് കൊണ്ട് നിര്‍മിച്ച പുതിയ കത്തി പുറത്തെടുക്കുന്നുണ്ട്. അതിന് ശേഷം താഴെ വീണ് കിടക്കുന്നവര്‍ക്ക് നേരെ പൊലീസുകാരന് വെടിയുതിര്‍ക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
വെടിയേറ്റയാള്‍ കൈകളുയര്ത്തുന്നതായും ദൃശ്യങ്ങളില്‍ കാണാം. സ്റ്റീല്‍ പ്ലേറ്റ് കൊണ്ട് നിര്‍മിച്ച കത്തിയല്ലാതെ മറ്റ് ആയുധങ്ങളൊന്നും ദൃശ്യങ്ങളില്‍ കാണാനില്ല. ഏറ്റുമുട്ടലിനെക്കുറിച്ച ആദ്യ ചോദ്യങ്ങള്‍ക്ക് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങിന്റെ പ്രതികരണവും സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. മൂര്‍ച്ച കൂട്ടിയ സ്പൂണാണ് സിമിപ്രവര്‍ത്തകര്‍ ആയുധമായി ഉപയോഗിച്ചതെന്നും കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ട് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. പിന്നീട് ഏറ്റുമുട്ടല്‍ നടത്തിയ ഉദ്യോഗസ്ഥര്‍ സിമി പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തു എന്ന് വിശദീകരിച്ച ശേഷം മാത്രമാണ് മന്ത്രി ഇത് തിരുത്തിയത്.