മുന്‍ ബിജെപി മന്ത്രി മകളുടെ വിവാഹത്തിന് പൊടിക്കുന്നത് വെറും 500 കോടി രൂപ !
|പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും പാഠംപഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും പാഠംപഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വെറും 500 കോടി രൂപ മാത്രം ചെലവഴിച്ച് മകളുടെ വിവാഹം കൊണ്ടാടുന്ന ഒരു പാവം ബിജെപി മുന്‍മന്ത്രി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കര്‍ണാടകയിലെ ബിജെപി മുന്‍ മന്ത്രിയും ഖനി മുതലാളിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹമാണ് ഇത്ര 'ലളിത'മായി നടത്തുന്നത്. രാജ്യത്ത് തന്നെ ഇത്ര വലിയ ആഢംബര കല്യാണത്തിന് വേദിയൊരുങ്ങിയിട്ടുണ്ടാകില്ല. ആ വിധമാണ് ഒരുക്കങ്ങള്‍. ബംഗളൂരു പാലസ് ഗ്രൌണ്ടിലാണ് പടുകൂറ്റന്‍ വിവാഹവേദി. ബുധനാഴ്ചയാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം. വിവാഹത്തിനു മുമ്പുള്ള ചടങ്ങുകള്‍ ഇതിനോടകം ആരംഭിച്ചു കവിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 500, 1000 രൂപ നോട്ട് പിന്‍വലിക്കല്‍ ഉത്തരവൊന്നും വിവാഹമാമാങ്കത്തെ തെല്ലും ബാധിച്ചിട്ടില്ല.
ബുധനാഴ്ച പാലസ് ഗ്രൗണ്ടിലാണ് റെഡ്ഡിയുടെ മകള്‍ ബ്രഹ്മണിയും വ്യവസായപ്രമുഖന്‍ രാജീവ് റെഡ്ഡിയുമായുള്ള വിവാഹം. പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായരുടെ വിജയനഗര സാമ്രാജ്യത്തിലെ സുവര്‍ണ കൊട്ടാരത്തിന്റെ മാതൃകയിലാണ് വിവാഹവേദി ഒരുക്കിയിട്ടുള്ളത്. ഇതിനു മാത്രം 150 കോടിയോളം ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്‍ ചിത്രം ‘ദേവദാസി’ന് സെറ്റിട്ട കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായി ആണ് വിവാദവേദി രൂപകല്‍പന ചെയ്തത്. പാലസ് ഗ്രൗണ്ടില്‍ കാമറ നിരോധം വന്നിട്ട് കുറച്ച് കാലമായി. ഹംപിയിലെ വിജയവിഠല ക്ഷേത്രം, ലോട്ടസ് മഹല്‍ എന്നിവയും പാലസ് ഗ്രൗണ്ടില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. വിവാഹച്ചടങ്ങിനു മാത്രം അരലക്ഷം പേരാണ് പ്രത്യേക അതിഥികളായെത്തുക. വിഐപികള്‍ക്കായി 15 ഹെലിപാഡുകളാണ് ഒരുക്കിയിട്ടുള്ളത്.
അനധികൃത ഖനനക്കേസില്‍ 2011 ല്‍ അറസ്റ്റിലാകുന്നതുവരെ ജനാര്‍ദ്ദന റെഡ്ഡിയുടെ ജീവിതം ആഡംബരത്തിന്റെ പര്യായമായിരുന്നു. ബിജെപി ഭരണത്തില്‍ മന്ത്രിയായിരുന്ന ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയിലെ പ്രബല നേതാവായിരുന്നു. ഖനനക്കേസില്‍ സിബിഐ അറസ്റ്റുചെയ്തതോടെ ശക്തി കുറഞ്ഞെന്നും സാമ്പത്തിക അടിത്തറ ഇളകിയെന്നുമുള്ള എതിരാളികളുടെ പ്രചരണങ്ങള്‍ക്കിടെ ആണ് 500 കോടി മുടക്കിയുള്ള മകളുടെ വിവാഹം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും റെഡ്ഡിയുടെ ആഢംബരവും ആസ്തികളൊന്നും ആര്‍ക്കും തൊടാനാകില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഈ ആഢംബര വിവാഹം.
തിരുപ്പതി തിരുമല ക്ഷേത്രത്തിലെ എട്ടു പ്രധാന പൂജാരിമാരാണ് വിവാഹത്തിന്റെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. 36 ഏക്കര്‍ വരുന്ന വിവാഹ വേദിയില്‍ വധുവിനും വരനുമുള്ള ബംഗ്ലാവുകള്‍ തലപൊക്കി കഴിഞ്ഞു. വിവിഐപികള്‍ക്ക് മണ്ഡപത്തിലേക്ക് എത്താന്‍ പ്രത്യേക അലങ്കരിച്ച വാഹനങ്ങള്‍. ബോളിവുഡ്, ടോളിവുഡ് താരങ്ങള്‍ വിവാഹമാമാങ്കത്തിന് പകിട്ട് പകരാനെത്തുമെന്നാണ് വിവരം.