മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് ശാഖകളില്‍ വന്‍ കവര്‍ച്ച
|മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്ന് 90 ലക്ഷം രൂപയാണ് കവർന്നത്. മണപ്പുറം ഫിനാൻസ് ശാഖയിൽനിന്ന് 30 കിലോ സ്വർണവും മോഷണം പോയി
മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് ശാഖകളില്‍ വന്‍ കവര്‍ച്ച. ഗുജറാത്തിലെ ദൊറാജിയിലുള്ള മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്ന് 90 ലക്ഷം രൂപയാണ് മൂന്നംഗസംഘം കവർന്നത്. താനെയില്‍ മണപ്പുറം ഫിനാൻസ് ശാഖയിൽനിന്ന് 30 കിലോ സ്വർണവും മോഷണം പോയി. സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ജീവനക്കാരെത്തി ദൊറാജിയിലെ മുത്തൂറ്റ് ഫിനാൻസ് ഓഫീസ് തുറന്ന ശേഷമായിരുന്നു സംഭവം. ആയുധധാരികളായ മൂന്നംഗസംഘം ഓഫീസിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അക്രമിക്കുമെന്ന് ഉറപ്പായതോടെ ജീവനക്കാര്‍ പിന്‍വാങ്ങി. പിന്നീട് ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന പണം അക്രമികൾ കൈക്കലാക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്ര താനെ ഉല്ലാസ്നഗറിലെ മണപ്പുറം ഫിനാൻസ് ശാഖയിൽനിന്നാണ് 30 കിലോ സ്വർണം മോഷണം പോയത്. ഓഫീസിന്റെ ചുമരുതുരന്ന് മോഷ്ടാക്കൾ അകത്തു കയറുകയായിരുന്നു. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.