ശശികലയും കുടുംബവും എഐഎഡിഎംകെയില്‍ നിന്ന് പുറത്ത്
|പനീര്‍ശെല്‍വം മുന്‍പോട്ടുവച്ച ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് ശശികല കുടുംബത്തെ ഒഴിവാക്കുക എന്നതായിരുന്നു. ഈ നിര്‍ദേശം പളനിസ്വാമി വിഭാഗം അംഗീകരിച്ചതോടെ ഇനി ലയനം വേഗത്തിലാകും...
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മില്‍ ലയിക്കും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ശശികല കുടുംബത്തെ പൂര്‍ണമായും പാര്‍ടിയില്‍ നിന്നു പുറത്താക്കാന്‍ പളനിസ്വാമി വിഭാഗം തീരുമാനിച്ചതോടെയാണ് ലയനത്തിന് കളമൊരുങ്ങിയത്. ലയന ചര്‍ച്ചകള്‍ ഇന്നു നടക്കുമെന്ന് പനീര്‍ ശെല്‍വം ക്യാംപ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി തമിഴ്‌നാട്ടില്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളായിരുന്നു. എഐഎഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനമായിരുന്നു വിഷയം. പനീര്‍ശെല്‍വത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാമെന്ന് പളനിസ്വാമി വിഭാഗവുമായി ഏകദേശം ധാരണയിലുമെത്തി. എന്നാല്‍, ശശികല കുടുംബത്തെ പൂര്‍ണമായും പാര്‍ടിയില്‍ നിന്ന് പുറത്താക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ ഒപിഎസ് എത്തിയതോടെ, ചര്‍ച്ച വഴി മുട്ടി. ഇരുവരെയും പുറത്താക്കാന്‍ കഴിയില്ലെന്ന് പളനിസ്വാമി വിഭാഗവും ഉറച്ച നിലപാടെടുത്തു. എന്നാല്‍, തുടര്‍ ചര്‍ച്ചകളില്‍ കഥ മാറി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ശശികല കുടുംബത്തെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പളനിസ്വാമി വിഭാഗം അറിയിച്ചു.
അണികളുടെയും എംഎല്‍എമാരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. ശശികല കുടുംബത്തെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കും. പ്രത്യേക കമ്മിറ്റിയായിരിയ്ക്കും പാര്‍ട്ടിയെ നയിക്കുകയെന്നാണ് പളനിസ്വാമി വിഭാഗം അറിയിച്ചത്. പനീര്‍ശെല്‍വം മുന്‍പോട്ടുവച്ച ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് ശശികല കുടുംബത്തെ ഒഴിവാക്കുക എന്നതായിരുന്നു. ഈ നിര്‍ദേശം പളനിസ്വാമി വിഭാഗം അംഗീകരിച്ചതോടെ ഇനി ലയനം വേഗത്തിലാകും. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് പനീര്‍ശെല്‍വം ക്യാംപ് അറിയിച്ചു.