കേന്ദ്ര പദ്ധതികളുടെ പേര് മാറ്റി; മമത ബാബറെന്ന് ബിജെപി
|പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി സ്വച്ഛ് ഭാരത് ഇനി പശ്ചിമ ബംഗാളില്‍ മിഷന്‍ നിര്‍മല്‍ ബംഗള എന്നാണ് അറിയപ്പെടുക
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിലപാട് കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തിനായുള്ള കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയാണ് മമത ഇത്തവണ മോദിക്കെതിരെ ആഞ്ഞടിച്ചത്.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി സ്വച്ഛ് ഭാരത് ഇനി പശ്ചിമ ബംഗാളില്‍ മിഷന്‍ നിര്‍മല്‍ ബംഗള എന്നാണ് അറിയപ്പെടുക. പ്രധാന്‍മന്ത്രി ഗ്രാം സദക് യോജനയുടെ പേര് ബംഗ്ലാര്‍ ഗ്രാമീണ്‍ സദക് യോജന് എന്നാക്കി. പ്രധാന്‍മന്ത്രി ആവാസ് യോജന- ഗ്രാമീണ്‍ ഇനി ബംഗ്ലാര്‍ ഗൃഹ പ്രകല്‍പ ആയിരിക്കും. പദ്ധതി ചെലവിന്‍റെ 40 ശതമാനം വഹിക്കുന്നത് സംസ്ഥാനമാണെന്നും അതിനാല്‍ പേര് മാറ്റുന്നതില്‍ തെറ്റില്ലെന്നുമാണ് മമതയുടെ വാദം. മുന്‍പ് പദ്ധതിതുകയുടെ 10 ശതമാനമാണ് സംസ്ഥാനങ്ങള്‍ വഹിച്ചിരുന്നത്. ഇപ്പോഴത് 40 ശതമാനമായി.
മമത ബാനര്‍ജിയെ ബാബറോട് താരതമ്യം ചെയ്ത് ബിജെപി നേതാവ് ചന്ദ്രകുമാര്‍ രംഗത്തെത്തി. അയോധ്യയില്‍ ബാബര്‍ അമ്പലം പൊളിച്ച് പള്ളി പണിതതുപോലെയാണ് മമതയുടെ പ്രവൃത്തിയെന്ന് ബിജെപി ആരോപിച്ചു. അതേസമയം പരാജയപ്പെട്ട കേന്ദ്ര പദ്ധതികള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ അവതരിപ്പിക്കുകയാണ് മമതയെന്ന് സിപിഎം ആരോപിച്ചു.
നോട്ട് നിരോധ കാലത്തും മമത ബാനര്‍ജി മോദി സര്‍ക്കാരിനെതിരെ നിശിത വിമര്‍ശം ഉന്നയിച്ചിരുന്നു.