തക്കാളിയും ഉള്ളിയും നക്ഷത്രമെണ്ണിക്കും; തമിഴ്നാട്ടില്‍ പച്ചക്കറി വില കുതിയ്ക്കുന്നു
|ചെറിയ ഉള്ളിയ്ക്ക് ഇത്തവണ 140 രൂപ വരെ വില വര്‍ധിച്ചു
തമിഴ്നാട്ടില്‍ പച്ചക്കറി വില കുതിയ്ക്കുന്നു. ചരിത്രത്തില്‍ ഇല്ലാത്ത വിലവര്‍ധനവാണ് വിപണിയില്‍. തക്കാളിയ്ക്കും ചുവന്ന ഉള്ളിയ്ക്കും പത്തു മടങ്ങോളം വിലയേറിയപ്പോള്‍ ബാക്കിയുള്ളവയ്ക്ക് വില ഇരട്ടിയില്‍ അധികമായി.
ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ ഒരുകാലത്ത് വെറുതെയെന്ന പോലെ കൊടുത്തിരുന്ന തക്കാളിയ്ക്ക് ഇപ്പോള്‍ വില എഴുപത് മുതല്‍ തൊണ്ണൂറ് രൂപ വരെ. മൊത്ത വ്യാപാരമാണെങ്കില്‍ 14 കിലോയുടെ ബോക്സിന് 900 രൂപ. ചെറിയ ഉള്ളിയ്ക്ക് ഇത്തവണ 140 രൂപ വരെ വില വര്‍ധിച്ചു. ഇപ്പോള്‍ എഴുപത് മുതല്‍ 100 രൂപവരെ വിലയുണ്ട്. 25 മുതല്‍ മുപ്പത് രൂപവരെയായിരുന്നു തക്കാളിയുടെയും ചെറിയ ഉള്ളിയുടെയും ശരാശരി വില. ഇത് കോയമ്പേടിലെ മാത്രം കാര്യം.
ഇനി ചില്ലറ വ്യാപാരത്തിലേയ്ക്കു വരാം. തക്കാളിയ്ക്ക് 90 മുതല്‍ 120 രൂപ വരെ. ചെറിയ ഉളളിയ്ക്ക് 120 രൂപ. കാരറ്റ്, ബീറ്റ്റൂട്ട്, പയര്‍, ബീന്‍സ് തുടങ്ങിയ എല്ലാ പച്ചക്കറികള്‍ക്കും ഇരട്ടിയില്‍ അധികമായി വില വര്‍ധിച്ചിട്ടുണ്ട്. വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ചില്ലറ വ്യാപാരികള്‍ക്കുണ്ട്. തമിഴ്നാട്ടില്‍ കാര്യമായി പച്ചക്കറി കൃഷിയില്ല. ഉണ്ടായിരുന്ന കൃഷിതന്നെ വരള്‍ച്ചയില്‍ നശിച്ചു. വര്‍ഷങ്ങളായി ഇവിടേയ്ക്ക് പച്ചക്കറിയെത്തുന്നത് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഉല്പാദനം കുറഞ്ഞതോടെ, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് കൂടി, ആന്ധ്രയില്‍ നിന്നും പച്ചക്കറി കയറ്റി പോകുന്നുണ്ട്. ഉല്പാദനം കുറഞ്ഞതും ആവശ്യക്കാര്‍ ഏറെയായതുമാണ് പച്ചക്കറിയുടെ വിലവര്‍ധനവിന് കാരണമായത്.