മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം കൂടി
|യുപിഎ സര്‍ക്കാരിന്റെ കാലത്ത് X, Y, Z ക്യാറ്റഗറി സുരക്ഷ ലഭിച്ചിരുന്നവരുടെ എണ്ണം 350 ആയിരുന്നുവെങ്കില്‍, ഇപ്പോഴത് 475 ആയാണ് വര്‍ദ്ധിച്ചത്
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രത്യേക സുരക്ഷ ലഭിക്കുന്ന വിഐപികളുടെ എണ്ണം വര്‍ദ്ധിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് X, Y, Z ക്യാറ്റഗറി സുരക്ഷ ലഭിച്ചിരുന്നവരുടെ എണ്ണം 350 ആയിരുന്നുവെങ്കില്‍, ഇപ്പോഴത് 475 ആയാണ് വര്‍ദ്ധിച്ചത്. മാതാ അമൃതാനന്ദമയി,ബാബ രാംദേവ് തുടങ്ങിയ ആള്‍ദൈവങ്ങള്‍ക്കും, ബിജെപിയുടെ വിവാദ എംപി സാക്ഷി മഹാരാജ് തുടങ്ങിയവര്‍ക്കും മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് പ്രത്യേക സുരക്ഷ ലഭിച്ച് തുടങ്ങിയത്.
വിഐപി സംസ്കാരത്തിന് അറുതി വരുത്തുമെന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന പ്രഖ്യാപനമായിരുന്നു. കേന്ദ്ര മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ ലൈറ്റുകല്‍ നീക്കം ചെയ്തതിനെ ഈ തരത്തില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഐപി സംസ്കാരത്തിന്റെ പ്രധാന ചിഹ്നമായ എക്സ്,വൈ,ഇസന്റ് ക്യാറ്റഗറി സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം മോദി സര്‍ക്കാരിന് കീഴില്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 350 വിഐപികള്‍ക്കായിരുന്നു പ്രത്യേക സുരക്ഷ ലഭിച്ചിരുന്നത്. അത് 475 ആയി വര്‍ദ്ധിച്ചിരിക്കുന്നു.
ഏറ്റവും വലിയ സുരക്ഷയായ Z പ്ലസ് ക്യാറ്റഗറിയില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുള്പ്പെടേ 25 വിഐപികളായിരുന്നു യുപിഎ കാലത്തുണ്ടായിരുന്നത്. മോദികാലത്ത് ഇത് ഇത് 50 ആയി വര്‍ദ്ധിച്ചു. ആള്‍ദൈവം മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ് എന്നിവര്‍ക്ക് Z ക്യാററ്റഗറി സുരക്ഷ നല്‍കാനുള്ള തീരുമാനം എടുത്തത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജിനും, രാമജന്മ ഭൂമി ശ്രൈന്‍ ബോര്‍ഡ് ചെയര്മാന് മഹന്ത് നൃത്യ ഗോപാല്‍ദാസ് എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷയാണ് മോദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ മകന് പങ്കജ് സിംഗിനും വൈ ക്യാറ്റഗറി സുരക്ഷയുണ്ട്. റിലയന്‍സ് തലവന്‍ മുകേഷ് അംബാനിക്ക് Z ക്യാറ്റഗറിയിലും, ഭാര്യ നിത അംബാനിക്ക് വൈ ക്യാറ്റഗറിയിലും മോദി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.