India
യുപിയില്‍ 2682 മദ്രസകളുടെ അംഗീകാരം യോഗി സര്‍ക്കാര്‍ റദ്ദാക്കുംയുപിയില്‍ 2682 മദ്രസകളുടെ അംഗീകാരം യോഗി സര്‍ക്കാര്‍ റദ്ദാക്കും
India

യുപിയില്‍ 2682 മദ്രസകളുടെ അംഗീകാരം യോഗി സര്‍ക്കാര്‍ റദ്ദാക്കും

Sithara
|
26 May 2018 8:08 PM GMT

പ്രവര്‍ത്തനം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടാനൊരുങ്ങി യോഗി സര്‍ക്കാര്‍. 2682 മദ്രസ്സകളാണ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാനൊരുങ്ങുന്നത്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം സംസ്ഥാനത്തെ മദ്രസകള്‍ക്കായി വെബ്പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രസകള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.

പതിനാറായിരത്തോളം മദ്രസകളാണ് ഉത്തര്‍പ്രദേശിലുളളത്. യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം സംസ്ഥാനത്തെ മദ്രസകള്‍ക്കായി ഒരു വെബ്പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരുന്നു. മദ്രസാധ്യാപകരുടെയും ജീവനക്കാരുടെയും ആധാര്‍ വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഉള്‍പ്പെടെ മദ്രസകളുമായി ബന്ധപ്പെട്ട മുഴുവന്‍
വിവരങ്ങളും ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യുപി സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. മദ്രസകളുടെ മാപ്പും ചിത്രങ്ങളും ഉള്‍പ്പെടെയാണ് വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കേണ്ടത്. സമയപരിധി അവസാനിച്ചിട്ടും ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവില്‍ 2682 മദ്രസകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്.

വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്രസകള്‍ നിലവില്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ചു സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഉത്തര്‍പ്രദേശിലെ 560 മദ്രസ്സകള്‍ക്ക് പ്രതിമാസം 5 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതില്‍ 46 മദ്രസകള്‍ക്ക് അടിസ്ഥാനസൌകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാന്റ് തടഞ്ഞിരിക്കുകയാണ്. മദ്രസ്സകളില്‍ സ്വാതന്ത്യദിനം ആഘോഷിക്കണമെന്നും ഇത് വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രസകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടാനൊരുങ്ങുന്നത്.

Similar Posts