തണുപ്പു കാലത്ത് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി
|തണുപ്പ് കാലത്ത് തെക്കന്‍ കശ്മീരിലേതിനേക്കാള്‍ നുഴഞ്ഞുകയറ്റം നടക്കുന്നത് വടക്കന്‍ കശ്മീരിലാണ്
തണുപ്പുകാലമായതോടെ നുഴഞ്ഞുകയറ്റം തടയാനായി വടക്കന്‍ കശ്മീരിലെ സുരക്ഷ സൈന്യം ശക്തമാക്കി. തണുപ്പ് കാലത്ത് തെക്കന്‍ കശ്മീരിലേതിനേക്കാള്‍ നുഴഞ്ഞുകയറ്റം നടക്കുന്നത് വടക്കന്‍ കശ്മീരിലാണ്. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷാവേലികളും നിര്‍മിക്കുന്നുണ്ട്.
നവംബര്‍ മുതല്‍ തണുപ്പുകാലം ആരംഭിക്കുന്നതോടെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം ശക്തമാകുമെന്നതിനാലാണ് വടക്കന്‍കശ്മീരിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ സൈന്യം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 740 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന നിയന്ത്രണരേഖയിലെ സുരക്ഷ അതിശക്തമാക്കി. ഇതിനുപുറമെ വടക്കന്‍ കശ്മീരിലെ മറ്റ് പ്രദേശങ്ങളിലും കൂടുതലായി പൊലീസിനേയും സൈന്യത്തേയും വിന്യസിച്ചു. തെക്കന്‍ കശ്മീരിനെ അപേക്ഷിച്ച് അതിര്‍ത്തി കടന്നുള്ള വിദേശതീവ്രവാദികള്‍ ശക്തമായ പ്രദേശമാണ് ഇത്. നിലവില്‍ 85 വിദേശ തീവ്രവാദികള്‍ വടക്കന്‍ കശ്മീരിലെ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് സൈന്യത്തിന്റെ വിവരം. മഞ്ഞുവീഴ്ച്ച ആരംഭിക്കുന്നതോടെ അതിര്‍ത്തിയിലെ പല പോസ്റ്റുകളില്‍ നിന്നും ഇന്ത്യ സൈനികരെ പിന്‍വലിക്കാറുണ്ട്. ഇത് മുതലെടുത്ത് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം മുന്‍കാലങ്ങളില്‍ ശക്തമായിരുന്നു. ഈ വര്‍ഷം ഇതുവരെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 170 ലേറെ തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. അതേസമയം 70 വിദേശതീവ്രവാദികള്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം നുഴഞ്ഞുകയറിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ സൈന്യം കശ്മീരിലെത്തിയതിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് താഴ് വരയില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നതിന് അടിസ്ഥാനത്തില്‍ ശ്രീനഗറിലും സുരക്ഷശക്തമാക്കി. ഒക്ടോബര്‍ 27 നാണ് സൈന്യം കശ്മീരിലെത്തിയതിന്റെ എഴുപതാം വാര്‍ഷികം.