ആണ്ടാള്‍ പരാമര്‍ശം; കവി വൈരമുത്തുവിനെതിരായ കേസുകള്‍ സ്റ്റേ ചെയ്തു
|ആണ്ടാള്‍ ദേവതയെ അവഹേളിച്ചെന്ന പരാതിയില്‍ തമിഴ് കവി വൈരമുത്തുവിനെതിരായ ക്രിമിനല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ആണ്ടാള്‍ ദേവതയെ അവഹേളിച്ചെന്ന പരാതിയില്‍ തമിഴ് കവി വൈരമുത്തുവിനെതിരായ ക്രിമിനല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വൈരമുത്തു ആണ്ടാള്‍ ദേവതയെ ദേവദാസിയെന്ന് ആക്ഷേപിച്ചെന്ന് വിശ്വ ഹിന്ദു പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. പ്രഥമദൃഷ്ട്യാ വൈരമുത്തുവിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 16ന് വീണ്ടും വാദം കേള്‍ക്കും.
ആണ്ടാള്‍ ദേവദാസിയായിരുന്നുവെന്നും ശ്രീരംഗം ക്ഷേത്രത്തിലാണ് മരിച്ചതെന്നും ഒരു അമേരിക്കന്‍ ഗവേഷക പ്രബന്ധത്തെ ഉദ്ധരിച്ച് വൈരമുത്തു പറഞ്ഞതാണ് വിവാദമായത്. ശ്രിവില്ലിപുത്തുര് ആണ്ടാള്‍ ക്ഷേത്രത്തില്‍ പ്രസംഗിക്കുമ്പോഴാണ് വൈരമുത്തു അമേരിക്കന്‍ പ്രബന്ധം ഉദ്ധരിച്ചത്. പിന്നാലെ ഹിന്ദു ദേവതയെ അപമാനിച്ചെന്ന ആരോപണവുമായി ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ വൈരമുത്തുവിന്റെ പുസ്തകങ്ങള്‍ കത്തിച്ചു. വിഎച്ച്പി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
തന്റെ അഭിപ്രായമല്ല പറഞ്ഞതെന്നും ഒരു പ്രബന്ധത്തില്‍ പറഞ്ഞത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും വൈരമുത്തു വിശദമാക്കിയിട്ടും ഹിന്ദു സംഘടനകള്‍ ഭീഷണി തുടരുകയായിരുന്നു. തുടര്‍ന്നാണ് തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈരമുത്തു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ കേസുകള്‍ റദ്ദാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.