ഐൻസ്റ്റീന്റെ സിദ്ധാന്തത്തേക്കാള്‍ മഹത്തരമായ ഒന്ന് വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതായി കേന്ദ്ര മന്ത്രി
|എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സ്രോതസ്സ് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്രോതസ്സ് നിങ്ങള്‍ തന്നെ കണ്ടെത്തൂ എന്നായിരുന്നു മറുപടി.
ആധുനിക ഭൗതികശാസ്ത്രത്തിന് ലഭിച്ച നിർണായക സംഭാവനയായിരുന്നു ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം. എന്നാല്‍ ആപേക്ഷികതാ സിദ്ധാന്തത്തേക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറയുന്നു. ഇംഫാലില്‍ നടക്കുന്ന 105ആം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പ്രസ്താവന.
''ഒരു പ്രഗത്ഭനായ പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെ നമുക്ക് നഷ്ടമായി. e=mc^2 എന്ന ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിനേക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം നമ്മുടെ വേദങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി.'' ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സ്രോതസ്സ് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്രോതസ്സ് നിങ്ങള്‍ തന്നെ കണ്ടെത്തൂ എന്നായിരുന്നു മറുപടി. ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊന്ന് വേദങ്ങളിലുണ്ടാകാന്‍ സാധ്യതയുള്ളതായി സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ താന്‍ ഡല്‍ഹിയില്‍ ഉണ്ടാവുമെന്നും തന്നെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ''ഇതുപോലൊരു ഓപണ്‍ ഫോറത്തില്‍ അദ്ദേഹത്തെക്കുറിച്ച് പറയാന്‍ കാരണം, സ്റ്റീഫന്‍ ഹോക്കിംങ് ഓര്‍മിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ്.'' മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വിദ്യാര്‍ത്ഥികളേയും വിദഗ്ധരേയും ശാസ്ത്രജ്ഞരേയും പങ്കെടുപ്പിച്ച് നടത്തിവരുന്ന വാര്‍ഷിക ശാസ്ത്ര കാര്‍ണിവലാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്. ഇതിനു മുമ്പും ഇതുപോലുള്ള പല അവകാശവാദങ്ങള്‍ക്കും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് വേദിയായിട്ടുണ്ട്. മുംബൈയില്‍ വെച്ച് നടന്ന 102ആമത് കോണ്‍ഗ്രസില്‍, 7,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നതായും അതുവഴി രാജ്യങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും യാത്ര ചെയ്തിരുന്നതായും വേദങ്ങളില്‍ പഠനം നടത്തിയതില്‍ നിന്നും മനസിലാക്കാനായതായി അവകാശവാദമുണ്ടായിരുന്നു.