India
ജെഎന്‍യു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞുജെഎന്‍യു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു
India

ജെഎന്‍യു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു

Khasida
|
26 May 2018 7:14 PM GMT

വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനം

ജെഎന്‍യു വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. പാർലമെന്റിലേക്കുള്ള വഴിമധ്യേ കാമ്പസിൽ നിന്ന് 12 കിലോമീറ്റർ ദൂരെ വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകാധിപത്യ- വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്ക് എതിരായിട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്.

ജെഎന്‍യുവില്‍ നിന്നും പാര്‍ലമെന്റിലേക്ക് 12 കിലോ മീറ്റര്‍ കാല്‍നടയായുള്ള ലോങ് മാര്‍ച്ച്, ഇതായിരുന്നു ജെഎന്‍യു വിദ്യാര്‍ത്ഥികളും അധ്യാപകരും ഉദ്ദേശിച്ചിരുന്നത്. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സാമൂഹിക പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ പൊതുജന പിന്തുണ തേടുക, സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവേശനം, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.

മാര്‍ച്ച് ഐഎന്‍എ മാര്‍ക്കറ്റിന് സമീപം എത്തിയതോടെ പൊലീസ് തടഞ്ഞു. വൻ സജ്ജീകരണങ്ങളാണ് മാർച്ച് നേരിടാനായി പോലീസ് ഒരുക്കിയിരുന്നത്. 5 തവണ ജലപീരങ്കി പ്രയോഗിച്ച പൊലീസ് ലാത്തിച്ചാര്‍ജും നടത്തി.

സമാനാവസ്ഥയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിഷേധത്തോടൊപ്പം ചേര്‍ന്ന് സമരം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.ലൈംഗികാതിക്രമത്തിന്റെ പേരില്‍ അറസ്റ്റിലായ പ്രൊഫ ജൊഹ്രിയെ സസ്പന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യുവില്‍ പഠിപ്പ് മുടക്ക് സമരം തുടരുകയാണ്.

Related Tags :
Similar Posts