ഇന്ദിരാ ജയ്സിങിന്റെ ലോയേഴ്സ് കളക്ടീവിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക്
|പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇന്ദിരാ ജയ്സിങിന്റെ എന്‍ജിഒക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇന്ദിരാ ജയ്സിങിന്റെ എന്‍ജിഒക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. ലോയേഴ്സ് കളക്ടീവ് എന്ന എന്‍ജിഒക്കാണ് ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചട്ടം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി.
2006-07, 2013-14 കാലഘട്ടത്തില്‍ വിദേശത്ത് നിന്ന് പണം സ്വീകരിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ആറ് മാസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് 30 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന നിര്‍ദേശം ഇന്ദിരാ ജയ്സിങ് പാലിക്കാത്തത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. 2009 മുതല്‍ 2014 വരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയിലിരിക്കെ സംഘടനയുടെ പേരില്‍ വിദേശത്ത് നിന്ന് 96 കോടി കൈപ്പറ്റിയെന്നും ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നു. പദവിയിലിരിക്കെ യുഎസ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് യാത്ര ചെയ്തെന്നും ആരോപണമുണ്ട്. വിലക്ക് നിലനില്‍ക്കുന്നത് വരെ വിദേശത്ത് നിന്നുള്ള ഫണ്ട് സ്വീകരിക്കാന്‍ സംഘടനക്ക് അനുമതിയുണ്ടായിരിക്കില്ല.
സംഘടനക്കെതിരായ നടപടി ഖേദകരമാണെന്ന് ലോയേഴ്സ് കളക്ടീവ് ഇ മെയിലിലൂടെ പ്രതികരിച്ചു. നിയമത്തിന്റെ ദുരുപയോഗമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും സംഘടന ആരോപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ് സെറ്റില്‍വാദിന്റെ അഭിഭാഷകയാണ് ഇന്ദിരാ ജയ്സിങ്.