അടിച്ചും കഴുത്തുഞെരിച്ചും പിഞ്ചുകുഞ്ഞിന് അമ്മയുടെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ സിസിടിവിയില്‍
|കുഞ്ഞിന് മര്ദ്ദനമേല്ക്കുന്നുവെന്ന സംശയം തോന്നിയ അച്ഛന് വീട്ടില്‍ സിസിടിവി വെക്കുകയായിരുന്നു
തന്റെ കുഞ്ഞിനെ ആരോ ശാരീരികമായി മര്‍ദ്ദിക്കുന്നുവെന്ന സംശയം ബലപ്പെട്ടപ്പോഴാണ് ആ അച്ഛന് വീട്ടില്‍ സിസിടിവി വെച്ചത്... സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിത്തെറിച്ചിരിക്കയാണ് അയാള്‍ ഇപ്പോള്‍. തന്റെ ഭാര്യ അതിക്രൂരമായി ഒരുവയസ്സുള്ള കുഞ്ഞിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ എടുത്ത് മുകളിലേക്കുകയര്ത്തുകയും കട്ടിലിലേക്ക് എറിയുകയും അടിക്കുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് വീഡീയോയില്‍.
മകന്റെ ശരീരത്തില്‍ മുഴകളും നീര്‍ക്കെട്ടും ചതവും സ്ഥിരമായി കണ്ടപ്പോഴാണ് താന്‍ സിസിടിവി വെക്കാന്‍ നിര്‍ബന്ധിതനായതെന്ന് ദീപക് പറയുന്നു. പലതവണ അതിനെകുറിച്ച് ഭാര്യയോട് ചോദിച്ചെങ്കിലും കുഞ്ഞ് വീണപ്പോള്‍ പറ്റിയതാണെന്നായിരുന്നു മറുപടി. സത്യം കണ്ടെത്താനാണ് അവള് വീട്ടിലില്ലാത്ത ഒരു ദിവസം ഞാന്‍ സിസിടിവി സ്ഥാപിച്ചത്.
ഉത്തര്‍പ്രദേശ് ബറോലി സ്വദേശിയായ ദീപക് ചതുര്‍വേദി പൂനത്തിനെ വിവാഹം കഴിക്കുന്നത് അഞ്ചുവര്‍ഷം മുമ്പാണ്. കുഞ്ഞിനെ മര്‍ദ്ദിച്ച ഭാര്യ പൂനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് ദീപക്. സിസിടിവി ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ദീപകിന്റെ വീടുവിട്ട് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് പൂനം താമസിക്കുന്നത്. ദീപക് സ്ത്രീധനത്തിന്റെ പേരില്‍ പൂനത്തിനെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൂനത്തിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു. സ്ത്രീധനമായി ഇനിയും 5 ലക്ഷം വേണമെന്നാണ് ദീപകിന്റെ ആവശ്യം. അതിനായി അവളെ അവന് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് പൂനത്തിന്റെ പിതാവ് വിഷ്ണുകാന്ത് പറയുന്നു. തന്റെ മകള്‍ക്ക് മയക്കുമരുന്ന് നല്കി ദീപക് മനഃപൂര്‍വ്വം തെളിവ് സൃഷ്ടിക്കുകയായിരുന്നുവെന്നും വിഷ്ണുകാന്ത് ആരോപിക്കുന്നു.
ദീപകിനെതിരെ പരാതിയുമായി തങ്ങളും മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറയുന്നു.