‘തല്ലാം, പക്ഷെ എല്ലൊടിക്കരുത് ’ ഗോ രക്ഷാ സമിതിക്ക് ഉപദേശവുമായി വിശ്വ ഹിന്ദു പരിഷത്ത്
|ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ഗോ രക്ഷാ സമിതി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഖേംചന്ദ്
കന്നുകാലി കള്ളക്കടത്തുകാരെ എങ്ങനെ നേരിടണമെന്ന് ഗോ രക്ഷാ സമിതിയെ പഠിപ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത്. അവരെ അടിച്ചോ, എന്നാല്‍ എല്ല് ഒടിക്കരുതെന്നാണ് വി.എച്ച്.പി നല്‍കുന്ന ഉപദേശം. ഗോ രക്ഷാ സൈന്യത്തിനു മുന്നില്‍പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് അവര്‍ അറിയണം. അനധികൃത കാലിക്കടത്തിന് ഒരു കള്ളക്കടത്തുകാരനും ധൈര്യം ഉണ്ടാവരുത്. മേക്ക് ഇന്‍ ഇന്ത്യയല്ല, പശു സംരക്ഷണമാണ് രാജ്യത്തെ രക്ഷിക്കുകയെന്നും വി.എച്ച്.പി ഗോ രക്ഷാ വിഭാഗം കേന്ദ്ര കമ്മിറ്റിയംഗം ഖേംചന്ദ് പറഞ്ഞു. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ഗോ രക്ഷാ സമിതി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഖേംചന്ദ്. പശു സംരക്ഷണ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടിനോട് തനിക്ക് യോജിപ്പില്ല. എന്നാല്‍ നിയമം കയ്യിലെടുക്കരുതെന്ന അദ്ദേഹത്തിന്റെ നിലപാട് സ്വീകാര്യമാണ്. അതുകൊണ്ടാണ് കള്ളക്കടത്തുകാരെ അടിച്ചാല്‍ മാത്രം മതി എല്ലൊടിക്കരുതെന്ന് താനും പറയുന്നത്. എല്ലൊടിഞ്ഞാല്‍ പോലീസ് നടപടി നേരിടേണ്ടിവരും. പശുവിനെ കശാപ്പുചെയ്തുവെന്ന് ആരോപിച്ച് ഷാംലിയില്‍ ഒരാളെ മര്‍ദ്ദിച്ച ബജ്‌രംഗ് ദള്‍ നേതാവ് വിവേക് പ്രേമിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം പോലീസ് കേസെടുത്തത് ചൂണ്ടിക്കാട്ടി ഖേംചന്ദ് പറഞ്ഞു.