ജനിതക മാറ്റം വരുത്തിയ കടുക് സുരക്ഷിതമാണെന്ന് വിദഗ്ധസമിതി
|ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാവശ്യത്തിനായി ഉല്‍പാദിപ്പിക്കുന്നതിന്‍റെ ആദ്യപടിയായാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം.
ജനിതക മാറ്റം വരുത്തിയ കടുക് സുരക്ഷിതമാണെന്ന് വിദഗ്ധസമിതി. ജനിതക കടുക് ജീവജാലങ്ങളില്‍ ദോഷകരമായി ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്ന വിദഗ്ധസമിതിയുടെ സുരക്ഷാ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 5വരെയാണ് റിപ്പോര്‍ട്ടിന്‍മേല്‍ പൊതുചര്‍ച്ചക്കുള്ള സമയം അനുവദിച്ചിരിക്കുന്നത്.
ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാവശ്യത്തിനായി ഉല്‍പാദിപ്പിക്കുന്നതിന്‍റെ ആദ്യപടിയായാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം. വിഷയത്തില്‍ പഠനം നടത്തിയ വിദഗ്ധസമിതി സമര്‍പ്പിച്ച133 പേജുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രപരിസ്ഥിതിമന്ത്രാലയംപ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ജനിതക എഞ്ചിനീയറിംഗ് അംഗീകരണസമിതി ജൈവശാസ്ത്രഞ്ജരും പരിസ്ഥിതിപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ആഴത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇവരടങ്ങുന്ന വിദഗ്ധസമിതിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ ദീപക് പെന്റലിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രഞ്ജരുടെ സംഘമാണ് മണ്ണിലെ ബാക്ടീരിയയിലെ ജീനുകള്‍ ഉപയോഗിച്ച് ജനിതക കടുക് വികസിപ്പിച്ചെടുത്തത്. 2010ല്‍ ജനിതക എഞ്ചിനീയറിംഗ് അംഗീകരണ സമിതി ജനിതകമാറ്റം വരുത്തിയ വഴുതനക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ പരിസ്ഥിതിമന്ത്രിയായിരുന്ന ജയറാം രമേശിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഇതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജനിതക കടുകിന് ഉല്‍പാദന അനുമതി നല്‍കിയാല്‍ ഇത്തരത്തില്‍ വികസിപ്പിച്ച അരി, ഗോതമ്പ്, വഴുതന, തക്കാളി തുടങ്ങിയവക്കും ഉല്‍പ്പാദന അനുമതി നല്‍കേണ്ടി വരും.