ആയുഷ് മന്ത്രാലയത്തില്‍ മുസ്‌ലിംകളെ പരിഗണിക്കേണ്ടെന്ന് സര്‍ക്കാര്‍ നിലപാട്
|കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ യോഗപരിശീലന തസ്തികളിലേക്ക് മുസ്‌ലിംകളെ പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നയമെന്ന് വിവരാവകാശരേഖ
കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ യോഗപരിശീലന തസ്തികളിലേക്ക് മുസ്‌ലിംകളെ പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നയമെന്ന് വിവരാവകാശരേഖ. യോഗപരിശീലന തസ്തികയിലേക്ക് അപേക്ഷ നല്‍കിയ 4500റോളം മുസ്‌ലിംകളില്‍ ആരെയും നിയമിച്ചില്ല. അതേസമയം വാര്‍ത്ത തെറ്റാണെന്നും അന്വേഷണം നടത്തുമെന്നും ആയുഷ് മന്ത്രി ശ്രിപദ് നായിക് പറഞ്ഞു. സര്‍ക്കാര്‍ നയത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
പുഷ്പ ശര്‍മ എന്ന മാധ്യമപ്രവര്‍ത്തക നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് ആയുഷ് മന്ത്രാലയത്തിന്റെ മറുപടി. മന്ത്രാലയത്തിന്റെ ആയുഷ് പദ്ധതിയിയുടെ താല്‍ക്കാലിക യോഗ പരിശീലക തസ്തികയിലേക്ക് എത്ര മുസ്‌ലിംകള്‍ അപേക്ഷിച്ചു? ഇതില്‍ എത്ര പേരെ നിയമിച്ചു? യോഗ പരിശീലകര്‍, അധ്യാപകര്‍ എന്നീ തസ്തികളിലേക്ക് എത്ര മുസ്‌ലിംകള്‍ അപേക്ഷ നല്‍കി, എത്ര പേരെ നിയമിച്ചു എന്നിങ്ങനെയായിരുന്നു അപേക്ഷകയുടെ ചോദ്യങ്ങള്‍. താല്‍ക്കാലിക യോഗ പരിശീലന തസ്തികകളിലേക്ക് 711 മുസ്‌ലിംകളും പരിശീലകരുടെയും അധ്യാപകരുടെയും തസ്തികളിലേക്ക് 3841 മുസ്‌ലിംകളും അപേക്ഷ നല്‍കിയെന്നും ആയുഷ് മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍ രണ്ട് അപേക്ഷകളിലും മുസ്‌ലിംകളെ നിയമിച്ചിട്ടില്ല എന്ന് മന്ത്രാലയം പറയുന്നു. സര്‍ക്കാര്‍ നയപ്രകാരം ഈ തസ്തികളിലേക്ക് മുസ്‌ലിംകളെ ക്ഷണിക്കുകയോ തെരഞ്ഞെടുക്കുകയോ വിദേശത്തേക്ക് അയക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഇത് മന്ത്രാലയത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ആയുഷ് മന്ത്രി ശ്രിപദ് നായിക് പറഞ്ഞു. സര്‍ക്കാര്‍ നയത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം രാജ്യസഭാ അംഗം ടി എന്‍ സീമ പറഞ്ഞു.