''യുപിയില്‍ ബിജെപിയെങ്ങനെ മുസ്‍ലിംകളോട് വോട്ട് ചോദിക്കും?''
|പാര്‍ട്ടിക്കെതിരെ വിമര്‍ശവുമായി യുപിയിലെ ബിജെപി നേതാവ്
2012 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ഏക മുസ്‍ലിം സ്ഥാനാര്‍ത്ഥിയായിരുന്നു ഷക്കീല്‍ അലാം സൈഫി. ഇത്തവണ പാര്‍ട്ടി മുസ്‍ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാത്തതിനെതിരെ രൂക്ഷമായ വിമര്‍ശമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. മുസ്‍ലിംകള്‍ക്ക് സീറ്റ് നല്‍കാതെ പിന്നെ എങ്ങനെയാണ് പാര്‍ട്ടിക്ക് അവരോട് വോട്ട് തേടാനാവുകയെന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന വിമര്‍ശം. 2002 മുതല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഏക മുസ്‍ലിം ആണ് അദ്ദേഹം.
''പാര്‍ട്ടി കുറച്ചു സീറ്റുകളെങ്കിലും മുസ്‌ലീംകള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അവരെ സമീപിച്ച് വോട്ടുതേടാമായിരുന്നു. പക്ഷെ ഇപ്പോള്‍ അവരോട് വോട്ടു ചോദിക്കുക ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്കു വോട്ടുതരൂ എന്ന് എങ്ങനെയാണ് ഞങ്ങള്‍ അവരോട് ചോദിക്കുകയെന്നാണ്'' ഷക്കീല്‍ അലാം സൈഫി ഉയര്‍ത്തുന്ന ചോദ്യം.
''മുസ്‌ലീംകള്‍ ബിജെപിക്ക് വോട്ടു ചെയ്യില്ലായെന്നത് ശരിയായിരിക്കാം. പക്ഷെ അവരുടെ വോട്ടു നേടാനുള്ള ഒരു ശ്രമവും ബി.ജെ.പി നടത്തുന്നുമില്ല. 403 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ആകെയുള്ളത് അതിലെല്ലാം തങ്ങള്‍ ജയിക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് നല്ലപോലെ അറിയുന്നതാണ്. എന്നിട്ടും തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റുകളില്‍ പോലും മുസ്‍ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെ''ന്ന് അദ്ദേഹം പറയുന്നു.
ബദൗണിലെ സഹാസ്‌വാനില്‍ നിന്നാണ് 2012 ല്‍ അദ്ദേഹം ജനവിധി തേടിയത്. വിജയം 2,238 വോട്ടുകള്‍ നേടി ആറാം സ്ഥാനത്തായിരുന്നുവെന്നു മാത്രം. കെട്ടിവെച്ച കാശും നഷ്ടമായി. എന്നാല്‍ അത് തന്റെ കുഴപ്പമല്ലെന്നും 2012ല്‍ 229 ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായെന്നുമാണ് ഷക്കീല്‍ അലാം സൈഫിയുടെ വാദം.
ബിജെപിയുടെ ദേശീയ ന്യൂനപക്ഷ സെല്‍ അംഗമാണ് 52 കാരനായ ഷക്കീല്‍ അലാം സൈഫി. മൊറാദാബാദിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ബിലാരിയില്‍ നിന്നും അദ്ദേഹം ജനവിധി തേടിയെങ്കിലും വിജയം കണ്ടില്ല. ആറ് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളും മരുമക്കളും പേരക്കുട്ടികളുമായി വലിയൊരു കുടുംബത്തിന്റെ നാഥനാണ്. ബിജെപിക്ക് വേണ്ടി താന്‍ പ്രചരണത്തിനിറങ്ങിയെങ്കിലും മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളെ വേണ്ടത്ര ശ്രദ്ധിക്കാനായില്ലെന്ന് ഷക്കീല്‍ അലാം സൈഫി പറയുന്നു.
1996ലും 2002 ലും അന്തരിച്ച ഗഫാര്‍ ഖാനെയും ബിജെപി സ്ഥാനാര്‍ഥിയാക്കിയിരുന്നു. അദ്ദേഹത്തിനും രണ്ടു തവണയും വിജയിക്കാനായില്ല. 2004 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷാ മുഹമ്മദിനെയും ആരിഫ് മുഹമ്മദ് ഖാനെയും ബിജെപി പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു ഫലം.