കഴിച്ചതെന്തെന്ന് പേടികൂടാതെ പറയാന്‍ കജോളിനോട് മമത ബാനർജി
|കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ ഉൾപ്പെടെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ബി.ജെ.പിയെ നേരിട്ട് പരാമർശിക്കാതെ മമത പറഞ്ഞു.
കജോൾ, ബീഫ് വിവാദം ഏറ്റെടുത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്തു തരത്തിലുള്ള മാംസമാണ് കഴിച്ചതെന്ന് പേടികൂടാതെ ബോളിവുഡ് നടി കജോൾ വ്യക്തമാക്കണമെന്ന് മമത ആവശ്യപ്പെട്ടു. നോർത്ത് ദിനാജ്പുരിൽനടന്ന പൊതുയോഗത്തിലാണ് മമത കജോളുമായി ബന്ധപ്പെട്ട ബീഫ് വിവാദം ഏറ്റെടുത്തത്. മറ്റുള്ളവർ എന്തുകഴിക്കണമെന്ന് ആജ്ഞാപിക്കാനുള്ള ശ്രമം നടക്കുകയാണ്. ഭീതികരമായ അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും മമത പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ ഉൾപ്പെടെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ബി.ജെ.പിയെ നേരിട്ട് പരാമർശിക്കാതെ മമത പറഞ്ഞു. ജനങ്ങൾ നിങ്ങൾക്ക് മറുപടി പറയുമെന്നും മമത പറഞ്ഞു. എങ്ങനെയാണ് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതെന്ന് അവർക്ക് മാത്രമേ അറിയൂ. അവർ ഹിന്ദുമതത്തിന്റെ അനുകൂലികളല്ല. ഹിന്ദുത്വത്തിന് കളങ്കം വരുത്തുന്നവരാണെന്നും മമത പറഞ്ഞു.
ബീഫെന്ന് പറഞ്ഞ് കജോള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. സുഹൃത്ത് റയാന്റെ റസ്റ്റോറന്റിലാണ് കജോള്‍ ലൈവ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. റയാന് തനിക്കായി വിഭവം പാകം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം അതെന്താണെന്ന് വിശദമാക്കാന്‍ കജോള്‍ റയാനെ വിളിച്ചു. 'ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് ആന്റ് ഡ്രൈ ബീഫ്' എന്ന് റയാന് വിശദീകരിച്ചു. 'ഞങ്ങളിവന്റെ കൈവെട്ടാന്‍ പോവുകയാണെന്ന്' പറഞ്ഞ് പശുസംരക്ഷകരെ കളിയാക്കിയാണ് കജോള്‍ വീഡിയോ അവസാനിപ്പിച്ചത്. സംഭവം വിവാദമായതോടെ കജോള്‍ വീഡിയോ പിന്‍വലിച്ചു. തങ്ങള്‍ തയാറാക്കിയത് പോത്തിറച്ചി കൊണ്ടുള്ള വിഭവമാണെന്നും മാട്ടിറച്ചിയല്ലെന്നും കജോള്‍ ട്വീറ്റ് ചെയ്തു.