കോടികളെക്കാള്‍ മൂല്യമുണ്ട് ഈ ടാക്സി ഡ്രൈവറുടെ സത്യസന്ധതക്ക്
|തന്റെ ടാക്സിയില്‍ ഒരു യാത്രക്കാരന് മറന്നുവച്ച 8 ലക്ഷം രൂപ തിരികെ നല്‍കിക്കൊണ്ടാണ് വാണി മാതൃകയായത്
പണത്തിന് മുകളില്‍ പരുന്ത് പറക്കില്ലെങ്കിലും അതിനെക്കാള്‍ മൂല്യമുള്ള ചിലതുണ്ട് ജീവിതത്തില്‍...പലരും മറന്നുപോകുന്ന ആ മൂല്യങ്ങള്‍ ഹൃദയത്തില്‍ ഇപ്പോഴും കൊണ്ടുനടക്കുന്ന മനുഷ്യരുമുണ്ട്. അവരിലൊരാളാണ് ടാക്സി ഡ്രൈവറായ മുബിഷര് വാണി. തന്റെ ടാക്സിയില്‍ ഒരു യാത്രക്കാരന് മറന്നുവച്ച 8 ലക്ഷം രൂപ തിരികെ നല്‍കിക്കൊണ്ടാണ് വാണി മാതൃകയായത്.
ഇരുപത്തിനാലുകാരനായ മുബിഷര് വാണി ന്യൂഡല്‍ഹിയിലെ ടാക്സി ഡ്രൈവറാണ്. കഴിഞ്ഞ ദിവസമാണ് ദീപേന്ദ്ര കാപ്രി എന്ന യാത്രക്കാരന് എയര്‍പോര്‍ട്ട് പരിസരത്ത് നിന്നും വാണിയുടെ ടാക്സിയില്‍ കയറുന്നത്. ഇയാളെ സെന്‍ട്രല്‍ ഡല്‍ഹിയിലുള്ള പഹര്‍ഗഞ്ചില്‍ ഇറക്കുകയും ചെയ്തു. യാത്രക്കാരനെ ഇറക്കി മടങ്ങുമ്പോഴാണ് കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന ബാഗ് ശ്രദ്ധയില്‍ പെട്ടത്. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന അമേരിക്കന്‍ കറന്‍സിയും സ്വര്‍ണം,ലാപ്ടോപ്പ്, ഐ ഫോണ്‍, ക്യാമറ എന്നിവയുമാണ് ബാഗിലുണ്ടായിരുന്നത്. കൂടാതെ പാസ്പോര്‍ട്ടും വിസ പേപ്പറുകളും ബാഗിലുണ്ടായിരുന്നു. വാണി ഉടന്‍ തന്നെ ബാഗ് എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് ബാഗിലുണ്ടായിരുന്ന വിവാഹ ക്ഷണക്കത്തിലെ നമ്പര്‍ പ്രകാരം ബന്ധപ്പെട്ടപ്പോഴാണ് ബാഗ് ദീപേന്ദ്ര കാപ്രിയുടെതാണെന്നറിയുന്നത്. തുടര്‍ന്ന് ഇയാള്‍ സ്റ്റേഷനിലെത്തി ബാഗ് കൈപ്പറ്റുകയായിരുന്നു.
ബാഗ് പൊലീസ് സ്റ്റേഷനിലെത്തിച്ച വാണിയുടെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു. വാണിക്ക് സത്യസന്ധതക്കുള്ള പുരസ്കാരം നല്കാന് ശുപാര്‍ശ ചെയ്യുകയും ചെയ്തു.