India
കൂട്ടബലാത്സംഗം സിനിമാക്കഥയെന്ന് തള്ളി പൊലീസ്; അക്രമികളെ പെണ്‍കുട്ടിയുടെ കുടുംബം പിടികൂടി സ്റ്റേഷനിലെത്തിച്ചുകൂട്ടബലാത്സംഗം സിനിമാക്കഥയെന്ന് തള്ളി പൊലീസ്; അക്രമികളെ പെണ്‍കുട്ടിയുടെ കുടുംബം പിടികൂടി സ്റ്റേഷനിലെത്തിച്ചു
India

കൂട്ടബലാത്സംഗം സിനിമാക്കഥയെന്ന് തള്ളി പൊലീസ്; അക്രമികളെ പെണ്‍കുട്ടിയുടെ കുടുംബം പിടികൂടി സ്റ്റേഷനിലെത്തിച്ചു

Sithara
|
27 May 2018 10:02 AM GMT

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പെണ്‍കുട്ടി കോച്ചിങ് ക്ലാസ് കഴിഞ്ഞുവരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

ഭോപ്പാലിൽ നാല് പേരടങ്ങുന്ന സംഘം 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഭോപ്പാലിലെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പെണ്‍കുട്ടി കോച്ചിങ് ക്ലാസ് കഴിഞ്ഞുവരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. പക്ഷേ പെണ്‍കുട്ടി പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ സിനിമാക്കഥയെന്ന് കളിയാക്കി പൊലീസുകാര്‍ കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം അക്രമികളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്ഐയെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ കോച്ചിങ് ക്ലാസ് കഴിഞ്ഞ് ഹബീബ് ഗഞ്ച് സ്റ്റേഷന് സമീപത്തുള്ള ട്രാക്കിലൂടെ നടക്കുമ്പോൾ ഗോലു ബിഹാരി എന്ന അക്രമി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. മകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയതാണ് ഇയാള്‍. ഗോലുവും ഇയാളുടെ ഭാര്യാസഹോദരന്‍ അമര്‍ ഭുണ്ടുവും ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലംപ്രയോഗിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പെണ്‍കുട്ടി ബഹളം വെച്ചതോടെ കൈകളും കാലുകളും കൂട്ടിക്കെട്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനിടയില്‍ അമറിനെ പെണ്‍കുട്ടിയുടെ സമീപമിരുത്തി ഗോലു സിഗരറ്റും പുകയിലയുമെടുക്കാന്‍ വീട്ടില്‍ പോയി.

ഗോലു വേറെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് തിരിച്ചുവന്നത്. രാത്രി 10 മണി വരെ നാല് പേരും പെണ്‍കുട്ടിയെ ആക്രമിച്ചുകൊണ്ടിരുന്നു. പെണ്‍കുട്ടിയെ പോവാന്‍ അനുവദിക്കും മുന്‍പ് കമ്മലും വാച്ചും ഫോണും തട്ടിയെടുക്കുകയും ചെയ്തു. പെണ്‍കുട്ടി ഒരുവിധത്തില്‍ റെയില്‍വേ പൊലീസിലെത്തി മാതാപിതാക്കളെ വിളിച്ചു. അടുത്ത ദിവസം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് കെട്ടുകഥയെന്ന് പറഞ്ഞ് പൊലീസ് കളിയാക്കിയത്. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ഗോലുവിനെയും അമറിനെയും വഴിയില്‍ വെച്ച് കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇരുവരെയും പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്.

Similar Posts