ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കം; ബിജെപി വിട്ടുനില്‍ക്കുന്നു
|സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പിനിടെയാണ് കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ആഘോഷങ്ങളോട് അനുബന്ധിച്ച് ദക്ഷിണ കന്നഡയില്‍ സുരക്ഷ ശക്തമാക്കി. ടിപ്പു ജയന്തി വിരോധ മുന്നണി ഇന്ന് കുടക് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. മടിക്കേരി കാളൂരില് ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്.ടി ബസിന് നേരെ കല്ലെറിഞ്ഞു.
സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പിനിടെയാണ് കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിപുലമായ ആഘോഷത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിപാടിയുമായി സഹകരിക്കേണ്ടെന്ന് ജനപ്രതിനിധികള്‍ക്ക് ബിജെപി നിര്‍ദേശം നല്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് കർണാടകത്തിലെ കുടക്, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കി. ഉഡുപ്പിയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്ന സാധ്യത കണക്കിലെടുത്ത് കൽബുർഗി ജില്ലയിലെ സർക്കാർ ഇതര സംഘടനകളുടെ ടിപ്പു ജയന്തി ആഘോഷം പൊലീസ് വിലക്കി.
2015 മുതലാണ് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. അന്നുണ്ടായ സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു,. കനത്ത സുരക്ഷാ വലയത്തിലാണ് കഴിഞ്ഞ വര്‍ഷം ആഘോഷ പരിപാടി സംഘടിപ്പിച്ചത്.