India
മോദി എംഎ ഫസ്റ്റ് ക്ലാസില്‍ പാസാണെന്ന് ഗുജറാത്ത് യൂണിവേഴ്‍സിറ്റിമോദി എംഎ ഫസ്റ്റ് ക്ലാസില്‍ പാസാണെന്ന് ഗുജറാത്ത് യൂണിവേഴ്‍സിറ്റി
India

മോദി എംഎ ഫസ്റ്റ് ക്ലാസില്‍ പാസാണെന്ന് ഗുജറാത്ത് യൂണിവേഴ്‍സിറ്റി

admin
|
27 May 2018 7:20 AM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷതലത്തിലേക്കു നീങ്ങുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷതലത്തിലേക്കു നീങ്ങുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി ഗുജറാത്ത് യൂണിവേഴ്സിറ്റി രംഗത്ത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ കേന്ദ്രം അലംഭാവം തുടര്‍ന്നതിനു പിന്നാലെ, ഇതിനു മുഖ്യ വിവരാവകാശ കമ്മീഷണറെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യത ഗുജറാത്ത് യൂണിവേഴ്സിറ്റി വെളിപ്പെടുത്തിയതായി ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തത്.

മോദി മിടുക്കനായ വിദ്യാര്‍ഥിയായിരുന്നുവെന്നും പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസോടെയാണ് അദ്ദേഹം ബിരുദാനന്തര ബിരുദം സ്വന്തമാക്കിയതെന്നുമാണ് വെളിപ്പെടുത്തല്‍. കെജ്‍രിവാളിന്റെ ആവശ്യം പരിഗണിച്ച വിവരാവകാശ കമ്മീഷന്‍, ഡല്‍ഹി - ഗുജറാത്ത് യൂണിവേഴ്‍സിറ്റി അധികൃതരോട് മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഗുജറാത്ത് യൂണിവേഴ്‍സിറ്റിയുടെ സാക്ഷ്യം. രേഖകള്‍ പ്രകാരം, 1983 ല്‍ 62.3 ശതമാനം മാര്‍ക്കോടെയാണ് പോളിറ്റിക്കല്‍ സയന്‍സില്‍ മോദി ബിരുദാനന്തര ബിരുദം നേടിയത്. യൂറോപ്യന്‍ പൊളിറ്റിക്സ്, ഇന്ത്യന്‍ പോളിറ്റിക്കല്‍ അനാലിസിസ്, സൈക്കോളജി ഓഫ് പൊളിറ്റിക്സ് തുടങ്ങിയ വിഷയങ്ങളായിരുന്നു രണ്ടു വര്‍ഷത്തെ കോഴ്‍സിലുണ്ടായിരുന്നത്. ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എംഎന്‍ പട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 800 ല്‍ 499 മാര്‍ക്കാണ് മോദിക്കുള്ളത്. 71 ആയിരുന്നു മോദിയുടെ റോള്‍ നമ്പര്‍. എന്നാല്‍ മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തര ബിരുദവും പാസായതായിട്ടാണ് മോദി 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍വകലാശാലയിലും പ്രധാനമന്ത്രിയുടെ ഓഫീസിലും വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. ഇതോടെയാണ് കെജ്‍രിവാള്‍ മോദിക്കെതിരെ രംഗത്തെത്തിയത്.

Similar Posts