കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ 10 എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി ശ്രമം
|ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ഈ എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച ആരംഭിച്ചുവെന്നും....
രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ കര്‍ണ്ണാടകയില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും. ബംഗളുരുവിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. കോണ്‍ഗ്രസിന്റെ പത്ത് എംഎല്‍എമാര്‍ ബിജെപിയുമായി ആശയ വിനിമയം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് നടക്കുന്ന ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിലേക്ക് മുഴുവന്‍ എംഎല്‍എമാരെയും എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനവും ഇന്ന് വന്നേക്കും.
ഇരു കൂട്ടരും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വുജഭായ് വാലയുടെ നിര്‍ണ്ണായക തീരുമാനത്തിനായി കാത്തിരിക്കുന്നതിനിടെയാണ്, സര്‍ക്കാര്‍ രൂപീകരണ ശ്രമം ബിജെപി ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് ഇന്നലെ രാത്രിയോടെ ബംഗ്ലൂരുവിലെത്തി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്നും പത്ത് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞെന്നാണ് വിവരം. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ഈ എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ രാവിലെ 8.30ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് മീറ്റിങ്ങില്‍ 78 എംഎല്‍എമാരും പങ്കെടുക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ യോഗത്തില്‍ തെരഞ്ഞെടുക്കും.
അതേസമയം രാവിലെ പതിനൊന്നിന് ചേരുന്ന ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ ബി എസ് യെദിയുരപ്പയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. ഇതിന് ശേഷം മുഴുവന്‍ എംഎല്‍എമാരെയും കൂട്ടി യെദിയൂരപ്പ ഒരിക്കല്‍ കൂടി ഗവര്‍ണറെ കാണും.
സഖ്യത്തിന്റെ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്നലെ രാത്രി ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും, ബിജെപി എംഎല്‍എമാരെ റാഞ്ചാന്‍ നടത്തുന്ന ശ്രമങ്ങളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായതായാണ് വിവരം. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയത്തില്‍ ഗവര്‍ണറുടെ നിര്‍ണ്ണായക തീരുമാനം ഇന്നുണ്ടായേക്കും.