ഇന്ത്യയ്ക്ക് ചരിത്രനേട്ടം; പിഎസ്എല്‍വി സി 34 വിക്ഷേപണം വിജയം
|ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ലക്ഷ്യവുമായി കുതിച്ചുയര്‍ന്ന ഇന്ത്യയുടെ പിഎസ്എല്‍വി സി 34ന്റെ വിക്ഷേപണം വിജയം.
ബഹിരാകാശ രംഗത്ത് ഇന്ത്യക്ക് ചരിത്ര നേട്ടം. 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കുന്ന പിഎസ്എല്‍വി സി- 34 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയടക്കം നാല് വിദേശ രാജ്യങ്ങളുടെയും ഗൂഗിള്‍ അടക്കമുള്ള വന്‍ കമ്പനികളുടെയും ഉപഗ്രഹങ്ങള്‍ ഇതിലുണ്ട്.
രാവിലെ 9.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ഒറ്റക്കുതിപ്പിലുയര്ന്നത് 20 ഉപഗ്രഹങ്ങള്‍. 9.52 ഓടെ മുഴുവന്‍ ഉപഗ്രങ്ങളും ഭ്രമണപഥത്തില്‍ എത്തിയതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ഭൌമ നിരീക്ഷണത്തിന് സഹായിക്കുന്ന കാര്‍ട്ടോസ്റ്റാറ്റ് 2 സി ആണ് ഭ്രമണപഥത്തിലെത്തിയതില് ഏറ്റവും പ്രധാനം. 17 വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഇന്ത്യന്‍ സര്‍വകലാശാലകളുടെ രണ്ട് ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി- 34ല്‍ ഉണ്ട്. ഇതില്‍ 13 എണ്ണം അമേരിക്കയുടേതാണ്. ഗൂഗിളിന്റെ സ്കൈസാറ്റ് ജെന്‍, കാനഡയുടെ എം 3 എം സാറ്റ്, ജിഎച്ച്ജി സാറ്റ്- ഡി, ഇന്തോനേഷ്യയുടെ ലാപാന്‍- 3, ജര്‍മനിയുടെ ബൈറോസ്, തുടങ്ങിയവയാണ് മറ്റ് പ്രധാന ഉപഗ്രഹങ്ങള്‍. 1288 കിലോഗ്രാം ആണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം.
ചരിത്ര നേട്ടമാണിതെന്ന് ഐഎസ്ആര്‍ഒ പ്രതികരിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ഐഎസ്ആര്‍ഒക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന വിജയം കൂടിയാണിത്.