രാജ്യത്തെ യാചകരില്‍ നാലില്‍ ഒരാള്‍ മുസ്‍ലിം
|രാജ്യത്തെ മുസ്ലിങ്ങളുടെ ജീവിത നിലവാരത്തിന്റെ ദയനീയത വ്യക്തമാക്കുന്നു....
ഇന്ത്യന്‍ ജനസംഖ്യയുടെ 14.23 ശതമാനം പേരും മുസ്‍ലിം സമുദായത്തില്‍ നിന്നാണ്. എന്നാല്‍ രാജ്യത്തെ യാചകരില്‍ 25 ശതമാനവും മുസ്‍ലിം സമുദായത്തില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിങ്ങളുടെ ജീവിത നിലവാരത്തിന്റെ ദയനീയത വ്യക്തമാക്കുന്നു സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ മുമ്പ് പുറത്തുവിട്ട ജാതിതിരിച്ചുള്ള സെന്‍സസ്‍ റിപ്പോര്‍ട്ടിലെ കണക്കുകള്‍.
വേതനം ലഭിക്കുന്നതോ അല്ലാത്തതോ ആയ ജോലികളില്‍ ഏര്‍പ്പെടാത്തവരെ തൊഴിലില്ലാത്തവര്‍ എന്ന ഗണത്തിലാണ് ഈ സെന്‍സസില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കൃഷി, വീട്ടുജോലികള്‍ തുടങ്ങിയവ ചെയ്യുന്നവരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്ത് ജോലി ചെയ്യാത്ത 72.89 കോടി ജനങ്ങള്‍ ഉണ്ടെന്നും ഇതില്‍ 3.7 ലക്ഷം പേര്‍ യാചകരാണെന്നു അതില്‍ 25 ശതമാനത്തോളം പേര്‍ മുസ്‍ലിംകളാണ് എന്നുമാണ് സെന്‍സസ് ഡാറ്റ പറയുന്നത്. കണക്കു നോക്കുമ്പോള്‍ 92,760 മുസ്‍ലിംകള്‍ ഇന്ത്യയില്‍ പിച്ചയെടുത്താണ് ഇപ്പോഴും ജീവിക്കുന്നത്.
ഇതില്‍ത്തന്നെ സ്ത്രീകളാണ് കൂടുതല്‍. മുസ്ലിം സമുദായത്തില്‍ നിന്നും 56.38 ശതമാനം പേര്‍ സ്ത്രീകളാണ് യാചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യാചക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്‍ലിം പുരുഷന്മാര്‍ 43.61 ശതമാനമാണ്. എന്നാല്‍ ദേശീയ ശരാശരി നോക്കുമ്പോള്‍ 53.13ശതമാനം പുരുഷന്മാര്‍ക്ക് 46.87 ശതമാനം സ്ത്രീകളാണ് യാചകരായിട്ടുള്ളത്.
ജനസംഖ്യയില്‍ 2.3 ശതമാനമുള്ള ക്രിസ്ത്യാനികളില്‍ 0.88 ശതമാനം പേരെ യാചകവൃത്തിയില്‍ ഏര്‍പ്പെടുന്നുള്ളൂ.. അതായത് 3,303 പേര്‍. ബുദ്ധമത വിഭാഗക്കാര്‍ 0.52 ശതമാനവും സിഖ് 0.45 ശതമാനവും ജൈനക്കാര്‍ 0.06 ശതമാനവും മറ്റുള്ളവര്‍ 0.3 ശതമാനവുമാണ് റിപ്പോര്‍ട്ട് പ്രകാരം പിച്ചയെടുത്ത് ജീവിക്കുന്നത്.
രാജ്യത്തെ ജനസംഖ്യയില്‍ 79.80 ശതമാനം പേരും ഹിന്ദുക്കളാണ്. അതിനാല്‍ യാചകരിലെ ഹിന്ദുക്കളുടെ ശതമാനം 72.29 ആണ്. എന്നാല്‍ രാജ്യത്ത് 14.23 ശതമാനമുള്ള മാത്രമുള്ള മുസ്‍ലിംകളില്‍ 25 ശതമാനം പേരും യാചകരാണ് എന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. മറ്റ് സമുദായങ്ങളിലും ജനസംഖ്യയുടെ അനുപാതത്തെക്കാള്‍ താഴെയാണ് യാചകരുടെ എണ്ണം.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യാചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിട്ടുണ്ട്. 2001 ലെ സെന്‍സസ് പ്രകാരം രാജ്യത്തെ മൊത്തം യാചകരുടെ എണ്ണം 41 ശതമാനമായിരുന്നു (6.3 ലക്ഷം).
യാചകവൃത്തി നിരോധിച്ച രാജ്യമാണ് ഇന്ത്യ. 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. നിയമം നടപ്പാക്കുന്നതിലുള്ള കാലതാമസം, പുനരധിവാസപ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത, ദരിദ്രരോടും മാനസികരോഗികളോടുമുള്ള രാജ്യത്തിന്റെ സമീപനം എല്ലാം ഇതിന് കാരണമാകുന്നുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു..