'സ്വാതന്ത്ര്യസമരത്തിനിടെ ബിജെപിയും ആര്‍എസ്എസും പിന്തുണച്ചത് ബ്രിട്ടീഷുകാരെ'; രമ്യക്കെതിരെ കേസ്
|പാകിസ്താന്‍ നരകമല്ലെന്ന പരാമര്‍ശത്തിലൂടെ രാജ്യദ്രോഹക്കേസ് നേരിടേണ്ടിവന്ന മുന്‍ എംപിയും തെന്നിന്ത്യന്‍ നടിയുമായ രമ്യ, ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത്.
പാകിസ്താന്‍ നരകമല്ലെന്ന പരാമര്‍ശത്തിലൂടെ രാജ്യദ്രോഹക്കേസ് നേരിടേണ്ടിവന്ന മുന്‍ എംപിയും തെന്നിന്ത്യന്‍ നടിയുമായ രമ്യ, ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും ബിജെപിക്കും ആര്‍എസ്എസിനും അവകാശപ്പെടാനില്ല. സ്വാതന്ത്ര്യസമരത്തിനിടെ ബ്രിട്ടീഷുകാരുടെ പക്ഷംപിടിച്ചവരാണ് ഇക്കൂട്ടരെന്നും രമ്യ പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നവരില്‍ സുപ്രധാന പങ്കുവഹിച്ചവരാണ് കോണ്‍ഗ്രസെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. മാണ്ഡ്യയില്‍ സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയായിരുന്നു രമ്യയുടെ അഭിപ്രായ പ്രകടനം.
തന്റെ രാജ്യസ്‌നേഹം ആരുടെയും മുമ്പില്‍ തെളിയിക്കേണ്ട ആവശ്യമില്ല. തനിക്ക് തന്റെ രാജ്യസ്‍നേഹത്തില്‍ യാതൊരു സംശയവുമില്ല. ഭാഷയിലും മതത്തിലും ജാതിയിലും വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ ഐക്യം ഉറപ്പുവരുത്താനാണ് ഏവരും ശ്രമിക്കേണ്ടതെന്നും രമ്യ പറഞ്ഞു. പാകിസ്താന്‍ നരകമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ അടുത്തിടെ രമ്യയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മാപ്പ് പറയണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന നിലപാടില്‍ രമ്യ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്.
ഇതിനിടെ ആര്‍എസ്എസും ബിജെപിയും ഇനിയും സ്വാതന്ത്ര്യസമരത്തിന്റെ മുഖമായി ചമയേണ്ടെന്ന പരാമര്‍ശത്തിന്റെ പേരിലും രമ്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാണ്ഡ്യയിലെ ബിജെപി നേതാവ് പുട്ടസ്വാമിയാണ് രമ്യക്കെതിരെ പരാതി നല്‍കിയത്. രമ്യയുടെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്നും സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനെ ഇത് ഉപകരിക്കൂവെന്നും പുട്ടസ്വാമി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.