ഇശ്റത്ത് ജഹാന് കേസില്‍ നിര്‍ണായക ഫയലുകള്‍ കാണാതായതില്‍ എഫ്.ഐ.ആര്
|നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2004 ജൂണ്‍ 15നാണ് അഹമ്മദാബാദിനടുത്തുള്ള കോതാര്‍പൂരില്‍ ഇശ്റത്ത് ജഹാന്, ജാവേദ് ശേയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദ് അലി അക്ബറലി റാണ, സീഷാന്‍ ജൗഹര്‍ എന്നിവരെ പോലീസ് വധിച്ചത്.
ഗുജറാത്ത് പോലീസിന്റെ ഏറ്റുമുട്ടലില്‍ ഇശ്റത്ത് ജഹാന് ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ ഫയലുകള്‍ കാണാതായ സഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ അറിഞ്ഞോ അറിയാതെയോ നീക്കം ചെയ്യപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹി സന്‍സദ്മാര്‍ഗ് പോലീസും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി അറ്റോര്‍ണി ജനറലിന് എഴുതിയ കത്തുകളുടെ പകര്‍പ്പ്, അറ്റോര്‍ണി ജനറലിന്റെ കരട് സത്യവാങ്മൂലം, ഇതില്‍ അന്നത്തെ ആഭ്യന്തരമന്ത്രി വരുത്തിയ ഭേദഗതി, സെപ്തംബര്‍ 29ന് ഗുജറാത്ത് ഹൈക്കോടതിയില്‍ നല്കിയ തുടര്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകളാണ് അപ്രത്യക്ഷമായത്. ആഭ്യന്തരമന്ത്രി അറ്റോര്‍ണി ജനറലിന് നല്കിയ കത്തിന്റെ പകര്‍പ്പ് പിന്നീട് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് വീണ്ടെടുത്തിരുന്നു.
വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണം നടക്കുന്നതിനിടെ 2009 സെപ്തംബര്‍ 18 നും 28നുമിടയിലാണ് നിര്‍ണായക ഫയലുകള്‍ അപ്രത്യക്ഷമായത്. ആദ്യ സത്യവാങ്മൂലത്തില്‍ നിന്ന് വ്യത്യസ്തമായി ഇശ്റത്ത് ജഹാന് ലശ്കറെ ത്വയ്യിബ തീവ്രവാദിയാണെന്ന് തെളിയിക്കുന്ന ആധികാരികമായ ഒരു തെളിവും ഇല്ലെന്ന് 2009 സെപ്തംബര്‍ 29ന് ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തുടര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2004 ജൂണ്‍ 15നാണ് അഹമ്മദാബാദിനടുത്തുള്ള കോതാര്‍പൂരില്‍ ഇശ്റത്ത് ജഹാന്, ജാവേദ് ശേയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദ് അലി അക്ബറലി റാണ, സീഷാന്‍ ജൗഹര്‍ എന്നിവരെ പോലീസ് വധിച്ചത്. ഇവര്‍ മോദിയെ വധിക്കാന്‍ എത്തിയതാണെന്നുമായിരുന്നു പോലീസ് വാദം.