പഞ്ചാബ് തെരഞ്ഞെടുപ്പിലെ മലയാളി നേതൃത്വം
|കോട്ടയം സ്വദേശിയും പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അലക്സാണ് നേതൃത്വത്തിലെ മലയാളി സാന്നിധ്യം
പഞ്ചാബ് തെരഞ്ഞെടുപ്പ് തിരക്കിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്കാന് മലയാളിയും. കോട്ടയം സ്വദേശിയും പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അലക്സാണ് നേതൃത്വത്തിലെ മലയാളി സാന്നിധ്യം. സംസ്ഥാനത്തെ വിമത സ്ഥാനാര്‍ഥികളെ അനുനയിപ്പിക്കാനുള്ള ചുമതലയും ഈ മുണ്ടക്കയംകാരനാണ്.
മലയാളി ഇല്ലാത്ത നാടില്ല എന്നാണല്ലോ പറച്ചില്. ഇത് അന്വര്‍ത്ഥമാക്കി കൊണ്ട് പഞ്ചാബിലും ഉണ്ട് ഒരു കോട്ടയംകാരന് അച്ചായന് അലക്സ്. അലക്സിനിപ്പോള് നിന്ന് തിരിയാന്‍ സമയമില്ല. ലുധിയാന മേഖലയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം നിയന്ത്രിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ 14 സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണ് അലക്സ്. വിമത സ്ഥാനാര്‍ഥികളെ അനുനയിപ്പിക്കാന്‍ കൂടി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് ഏല്‍പ്പിച്ചതോടെ അലക്സിന് ദിവസം മുഴുവന്‍ തിരക്കാണ്.
ബിസിനസ്സുമായി 18 വര്‍ഷം മുമ്പാണ് അലക്സ് പഞ്ചാബിലെത്തിയത്. കോളജ് പഠന കാലം മുതലുള്ള രാഷ്ട്രീയ പരിചയവുമായി പഞ്ചാബ് രാഷ്ട്രീയത്തിലേക്കിറങ്ങി. യൂത്ത് കോണ്‍ഗ്രസിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന 2004ല്‍ ലുധിയാനയില്‍ നിന്ന് മത്സരിച്ച് ജില്ലാ സെക്രട്ടറിയായി. 2013ല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും പിന്നീട് സംസ്ഥാന എക്സിക്യൂട്ടീവിലേക്കും. കഴിഞ്ഞ വര്‍ഷം പാര്‍ട്ടി പുനസംഘടനാ വേളയില്‍ സംസ്ഥാന സെക്രട്ടറിയുമായി. പ്രചാരണം സജീവമായതോടെ തിരക്കില്‍ നിന്ന് തിരക്കിലേക്കുള്ള ഓട്ടത്തിലാണ് അലക്സ്.