കള്ളപ്പണ നിക്ഷേപകരില്‍ അമിതാഭ് ബച്ചനും ഐശ്വര്യയും; പട്ടിക ചോര്‍ന്നു
|വിദേശത്തു നിന്നു കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നതായിരുന്നു ബിജെപി സര്‍ക്കാരിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം.
വിദേശത്തു നിന്നു കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നതായിരുന്നു ബിജെപി സര്‍ക്കാരിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ അധികാരത്തിലേറി രണ്ടു വര്‍ഷത്തിലേക്ക് എത്തുമ്പോഴും ഈ വാഗ്ദാനം പാലിക്കാനോ കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ജനീവ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 1100 ഇന്ത്യക്കാരുടെ പട്ടിക പുറത്തായെങ്കിലും ചെറുവിരലനക്കാന്‍ മോദി സര്‍ക്കാര്‍ തയാറായില്ല.
ഏറ്റവുമൊടുവില്‍ പനാമ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയും ചോര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായംനല്കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തില്‍ നിന്നുള്ള രഹസ്യരേഖകളാണ് പുറത്തായത്. 500 ഓളം അക്കൌണ്ടുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ബോളിവുഡ് താരരാജാവും പദ്മ അവാര്‍ഡ് ജേതാവുമായ അമിതാഭ് ബച്ചന്, ബോളിവുഡ് താരവും ബച്ചന്റെ മരുമകളുമായ ഐശ്വര്യ റായി, ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന ഇഖ്ബാല്‍ മിര്‍ച്ചി, ഗൌതം അദാനിയുടെ മൂത്ത സഹോദരന് വിനോദ് അദാനി, ഡിഎല്‍എഫ് ഉടമ കെപി സിങ് തുടങ്ങിയ പ്രമുഖരുടെ നീണ്ട പട്ടികയാണ് പുറത്തുവന്നത്. മോദി സര്‍ക്കാര്‍ അമിതാഭ് ബച്ചനെ അടുത്ത രാഷ്ട്രപതിയായി ശിപാര്‍ശ ചെയ്യുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പനാമയില്‍ നികുതി ഒഴിവാക്കി പണം നിക്ഷേപിക്കുന്നതിന് വിദേശികളെ സഹായിക്കുന്ന സ്ഥാപനമാണ് മൊസാക് ഫൊന്‍സെക. വ്യാജ അക്കൌണ്ടുകളും ഇല്ലാത്ത കമ്പനികളുടെയും പേരിലാണ് പണം നിക്ഷേപിക്കുക. അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി, മിഷേല്‍ പ്ലാറ്റിനി, ബ്രസീല്‍, ഉറുഗ്വെ, ഇംഗ്ലണ്ട്, തുര്‍ക്കി, സെര്‍ബിയ, നെതര്‍ലന്‍ഡ്സ്, സ്വീഡന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളും പനാമ പട്ടികയിലുണ്ടെന്നാണ് വിവരം. മെസിക്കെതിരെ നേരത്തെ തന്നെ നികുതി വെട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു.