സംഘപരിവാറിന് താക്കീതുമായി മമതബാനര്‍ജി
|വിജയ ദശമിക്ക് സായുധ പ്രകടനം അനുവദിക്കില്ല. കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം
പശ്ചിമ ബംഗാളില്‍ സംഘപരിവാറിനെതിരെ വീണ്ടും താക്കീതുമായി മമത സര്‍ക്കാര്‍. വിജയ ദശമി ദിനത്തില്‍ ആയുധമേന്തിയുള്ള മാര്‍ച്ച് അനുവദിക്കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും മമത പറഞ്ഞു. വിജയ ദശമിയുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടാക്കാനുള്ള എല്ലാതരം നീക്കങ്ങളെയും ശക്തമായി നേരിടാന്‍ മമത പോലീസിന് നിര്‍ദ്ദേശം നല്കി.
വിജയദശമി ദിനമായ ഈ മാസം മുപ്പതിന് പശ്ചിമ ബംഗാളിലെ 300 കേന്ദ്രങ്ങളില്‍ വിശ്വ ഹിന്ദു പരിഷത്ത് ആയുധ പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ആയുധമേന്തിയുള്ല പ്രകടനവുമുണ്ടാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മമത സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ബംഗാളില്‍ സാമൂദായി സ്പര്‍ദ വളര്‍ത്തും വിധമുള്ള തീക്കളിക്ക് ആരെയും അനുവദിക്കില്ലെന്ന് മമത വ്യക്തമാക്കി, ആയുധ മേന്തി കൊണ്ടുള്ള പ്രകടനങ്ങള്ക്കെതരിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുര്‍ഗ്ഗ പൂജ അടക്കമുള്ള കാര്യങ്ങള്‍ എങ്ങനെ നടത്തണമെന്നും ബംഗാളിന് പുറത്തുള്ളവര്‍ തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും കൊല്കത്തയില് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മമത വ്യക്തമാക്കി.
ബസിര്‍ഹട്ട്, റായ് ഗഞ്ച് തുടങ്ങി ബംഗാളിലെ വിവിധ മേഖലകളില്‍ അടുത്തിടെ സാമുദായി സംഘര്‍ഷമുണ്ടായതും ഏപ്രില്‍ 5 ന് രാമ നവമിയുടെ ഭാഗമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെരുവില്‍ വാളുകളേന്തി മാര്‍ച്ച് നടത്തിയതും കണക്കിലെടുത്താണ് വിജയ ദശമി ദിനത്തില്‍ കര്‍ശന നടപടിക്കൊരുങ്ങുന്നതെന്ന് ബംഗാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. സ്വാമി വിവേകാന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റ് വാഷിക ദിനമായിരുന്ന ഈ മാസം 11ന് പ്രധാന മന്ത്രി നരേന്ദ്ര നടത്തിയ പ്രസംഗം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാലയങ്ങളില്‍ സംപ്രേഷണം ചെയ്യാതിരുന്നതിന് പിന്നാലെയാണ് മമത സര്‍ക്കാരിന്റെ പുതിയ നീക്കം.