India
വിഷാദത്തിനെതിരെ ബോധവല്‍ക്കരണവുമായി ഇന്ത്യയുടനീളം സഞ്ചരിച്ച ബൈക്ക് റൈഡര്‍ അപകടത്തില്‍ മരിച്ചുവിഷാദത്തിനെതിരെ ബോധവല്‍ക്കരണവുമായി ഇന്ത്യയുടനീളം സഞ്ചരിച്ച ബൈക്ക് റൈഡര്‍ അപകടത്തില്‍ മരിച്ചു
India

വിഷാദത്തിനെതിരെ ബോധവല്‍ക്കരണവുമായി ഇന്ത്യയുടനീളം സഞ്ചരിച്ച ബൈക്ക് റൈഡര്‍ അപകടത്തില്‍ മരിച്ചു

Sithara
|
28 May 2018 10:32 PM GMT

2015 നവംബറിലാണ് റോയല്‍ എന്‍ഫീല്‍ഡില്‍ തനിച്ച് വിഷാദത്തിനും ആത്മഹത്യയ്ക്കുമെതിരെ ബോധവല്‍ക്കരണവുമായി സന ഇഖ്ബാല്‍ യാത്ര തിരിച്ചത്.

വിഷാദത്തിനും ആത്മഹത്യക്കുമെതിരെ ബോധവല്‍ക്കരണവുമായി ഇന്ത്യയുടനീളം സഞ്ചരിച്ച ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ കാറപകടത്തില്‍ മരിച്ചു. ഹൈദ്രാബാദ് സ്വദേശിനിയായ സന ഭര്‍ത്താവിനൊപ്പം നര്‍സിങ്കി ഗ്രാമത്തിലൂടെ കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. സനയുടെ ഭര്‍ത്താവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സന മരിച്ചത്. ഭര്‍ത്താവ് പരിക്കുകളോടെ ചികിത്സയിലാണ്.

2015 നവംബറിലാണ് റോയല്‍ എന്‍ഫീല്‍ഡില്‍ തനിച്ച് വിഷാദത്തിനും ആത്മഹത്യയ്ക്കുമെതിരെ ബോധവല്‍ക്കരണവുമായി സന യാത്ര തിരിച്ചത്. ഇന്ത്യയിലാകെ 38000 കിലോമീറ്റര്‍ സഞ്ചരിച്ചു. ഒരിക്കല്‍ തന്നെ പിടികൂടിയ വിഷാദമാണ് ഇത്തരമൊരു ദൌത്യം സ്വയം ഏറ്റെടുക്കാന്‍ സനയെ പ്രേരിപ്പിച്ചത്. ബോധവല്‍ക്കരണ ക്ലാസ്സുകളിലൂടെയും പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കിയും സന ഒരുപാടു പേര്‍ക്ക് കൈത്താങ്ങായി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് സന ആളുകളോട് പറഞ്ഞുകൊണ്ടേയിരുന്നു.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് ബൈക്കുകളോടുള്ള സനയുടെ ഇഷ്ടം. യാത്രകള്‍ ചെയ്ത് കൊതിതീരും മുന്‍പേ അകാലത്തില്‍ ആ 30 വയസ്സുകാരി ഈ ലോകത്തുനിന്ന് യാത്രയായി.

Related Tags :
Similar Posts