India
ആശാറാമിനെ തൊടാതെ എന്തുകൊണ്ട് സാകിര്‍ നായികിനെ മാത്രം വേട്ടയാടുന്നു എന്‍ഫോഴ്‌സ്‌മെന്റിനെ വിമര്‍ശിച്ച് പിഎംഎല്‍ ട്രിബ്യൂണല്‍'ആശാറാമിനെ തൊടാതെ എന്തുകൊണ്ട് സാകിര്‍ നായികിനെ മാത്രം വേട്ടയാടുന്നു' എന്‍ഫോഴ്‌സ്‌മെന്റിനെ വിമര്‍ശിച്ച് പിഎംഎല്‍ ട്രിബ്യൂണല്‍
India

'ആശാറാമിനെ തൊടാതെ എന്തുകൊണ്ട് സാകിര്‍ നായികിനെ മാത്രം വേട്ടയാടുന്നു' എന്‍ഫോഴ്‌സ്‌മെന്റിനെ വിമര്‍ശിച്ച് പിഎംഎല്‍ ട്രിബ്യൂണല്‍

Muhsina
|
28 May 2018 4:01 PM GMT

കേസില്‍ മാത്രം അമിത താല്‍പര്യം കാണിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിനെതിരെ വിമര്‍ശവും‌മായി പിഎംഎല്‍ ട്രിബ്യൂണല്‍. സാകിര്‍ നായികിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റിനെ ട്രിബ്യൂണല്‍ വിലക്കി..

സാകിര്‍ നായിക്കിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം ഇന്റര്‍പോള്‍ നിരാകരിച്ചതിന് പിറകെ, പ്രസ്തുത കേസില്‍ മാത്രം അമിത താല്‍പര്യം കാണിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിനെതിരെ വിമര്‍ശവുംമായി പിഎംഎല്‍ ട്രിബ്യൂണല്‍. സാകിര്‍ നായികിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റിനെ ട്രിബ്യൂണല്‍ വിലക്കി. സാകിര്‍ നായിക്കിന്റെ ചെന്നൈയിലെ സ്‌കൂളും മുംബൈയിലെ വ്യാപര സമുച്ചയവും ഏറ്റെടുക്കുന്നതിനെയാണ് കോടതി വിലക്കിയത്.

ജസ്റ്റിസ് മന്‍മോഹന്‍ സിങ് അദ്ധ്യക്ഷനായ പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്) അപ്പീല്‍ ട്രിബ്യൂണലാണ് എന്‍ഫോഴ്സ്മെന്റിനെതിരെ വിമര്‍ശമുന്നയിച്ചത്‍. മറ്റു ആള്‍ദൈവങ്ങളെ മാറ്റിനിര്‍ത്തി സാകിര്‍ നായിക്കിനെ മാത്രം വേട്ടയാടുകയാണെന്ന് ട്രിബ്യൂണല്‍ വിമര്‍ശിച്ചു.

''ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ആയിരം കോടിയിലധികം സ്വത്ത് കൈവശമുള്ള പത്ത് ബാബമാരെയെങ്കിലും പേരെടുത്ത് പറയാനാകും. ഇവരില്‍ ആര്‍ക്കെങ്കിലുമെതിരെ നിങ്ങള്‍ നടപടിയെടുത്തിട്ടുണ്ടോ? ആശാറാം ബാപ്പുവിനെതിരെ നിങ്ങള്‍ എന്താണ് ചെയ്തത്..?'' ട്രിബ്യൂണല്‍ ചോദിച്ചു. ചാര്‍ജ്ഷീറ്റില്‍ ഷെഡ്യൂള്‍ഡ് ഒഫന്‍സസ് ചുമത്താതിരിക്കെ സ്വത്തുക്കള്‍ എന്തിനാണ് കണ്ടുകെട്ടുന്നതെന്നും ട്രിബ്യൂണല്‍ സംശയമുന്നയിച്ചു. കഴിഞ്ഞ 10വര്‍ഷമായിട്ടും ആശാറാം ബാപ്പുവിന്റെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് ഏജൻസി ഒന്നും ചെയ്തിട്ടില്ലെന്നും സാക്കിര്‍ നായിക്കിന്റെ കേസില്‍ വളരെ വേഗത്തില്‍ നടപടിയെടുക്കുകയുമാണെന്ന് ട്രിബ്യൂണല്‍ ചെയർമാൻ പറഞ്ഞു.

സാകിര്‍ നായിക്കിന്റെ പ്രസംഗം യുവാക്കളെ തീവ്രവാദത്തിലേക്ക് പ്രേരിപ്പിക്കുന്നതാണെന്നായിരുന്നു കോടതിയില്‍ അഭിഭാഷകന്റെ വിശദീകരണം. എന്നാല്‍ ഇത് തെളിയിക്കാനാവശ്യമായ മൊഴികളോ തെളിവുകളോ എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ചിട്ടില്ലെന്നും ജസ്റ്റിസ് മന്‍മോഹന്‍ സിങ് പറഞ്ഞു. ''പ്രസംഗം കേട്ട് തീവ്രവാദത്തിലേക്ക് ആകൃഷ്ടരായെന്ന് പറയുന്ന ആരുടെയെങ്കിലും മൊഴികള്‍ നിങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ? 2015ലെ ധാക്ക ഭീകരാക്രമണം നടത്തിയവരെ പ്രസംഗം എങ്ങനെ സ്വാധീനിച്ചുവെന്ന് പോലും നിങ്ങളുടെ ചാര്‍ജ് ഷീറ്റില്‍ പറയുന്നില്ല.''

ചാര്‍ജ്ഷീറ്റില്‍ പറയുന്ന പ്രസംഗങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകനോട് ചോദിച്ച ജഡ്ജി, പലതും താന്‍ കേട്ടിട്ടുണ്ടെന്നും അതിലൊന്നും എന്തെങ്കിലും പ്രശ്‌നമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും പറഞ്ഞു.

Related Tags :
Similar Posts