ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് വിര്‍ച്വല്‍ ഐഡി തീരുമാനം
|ആധാര്‍ കാര്‍ഡിനായി ശേഖരിച്ച പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ചോരുന്നുവെന്ന് നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നുവെങ്കിലും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അത് നിരസിച്ചിരുന്നു
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ആധാര്‍ നമ്പറുളളവര്‍ക്ക് വിര്‍ച്വല്‍ ഐ ഡി നല്‍കാനുളള യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. കാര്‍ഡ് ഉടമകളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട സംശയങ്ങളുയര്‍ന്ന വേളയിലെല്ലാം ഇക്കാര്യം നിഷേധിക്കുകയാണ് അതോറിറ്റി ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് കൂടുതല്‍ സുരക്ഷക്കായി വിര്‍ച്വല്‍ ഐഡി നടപ്പാക്കാനുള്ള തീരുമാനം.
ആധാര്‍ കാര്‍ഡിനായി ശേഖരിച്ച പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ചോരുന്നുവെന്ന് നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നുവെങ്കിലും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അത് നിരസിച്ചിരുന്നു. ആധാര്‍വിവരങ്ങള്‍ നല്കുന്ന അജ്ഞാതസംഘങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ട് വന്നപ്പോഴും അതോറിറ്റിയുടെ നിലപാടില്‍ മാറ്റമില്ലായിരുന്നു. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് കൂടുതല്‍ സുരക്ഷക്കായി അതോറിറ്റി തന്നെ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ആധാര്‍ നമ്പറിന് പകരം സേവനങ്ങള്‍ ബന്ധിപ്പിക്കാന്‍ വിര്‍ച്വല്‍ ഐ.ഡി ഉപയോഗിച്ചാല്‍ മതിയാവും. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്ന് പോവുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വിര്‍ച്വല്‍ ഐ.ഡി നിലവില്‍ വരുമ്പോള്‍ പരിഹരിക്കപ്പെടുമെന്നാണ് അതോറിറ്റിയുടെ അവകാശവാദം.