പൊലീസ് വാഹനം തട്ടിയെടുത്ത് പൊലീസ് ചമഞ്ഞെത്തിയ ഗുണ്ടകള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി
|വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് യൂണിഫോം അഴിപ്പിച്ച ശേഷം ആ വേഷം ധരിച്ചാണ് ഗുണ്ടകളെത്തിയത്
മധ്യപ്രദേശില്‍ പൊലീസ് വാഹനം തട്ടിയെടുത്ത ഗുണ്ടകള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് യൂണിഫോം അഴിപ്പിച്ച ശേഷം ആ വേഷം ധരിച്ചാണ് ഗുണ്ടകളെത്തിയത്. മധ്യപ്രദേശിലെ ബാമുറാഹ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.
പൊലീസിന്റെ ഡയല് 100 വാനാണ് അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തിയത്. വണ്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം യൂണിഫോം അഴിച്ചെടുത്തു. ഇവരെ മറ്റൊരു കാറില്‍ കയറ്റുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഗുണ്ടകള്‍ പെണ്‍കുട്ടിയോടും അച്ഛനോടും സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞു. പെണ്‍കുട്ടി നേരത്തെ നല്കിയ ലൈംഗിക പീഡന പരാതിയില്‍ മൊഴിയെടുക്കാനാണെന്നാണ് പറഞ്ഞത്. പെണ്‍കുട്ടിയെയും പിതാവിനെയും ബന്ധുവിനെയും വാനില്‍ കയറ്റിക്കൊണ്ടുപോയി. വഴിയില്‍ പിതാവിനെയും ബന്ധുവിനെയും ബലംപ്രയോഗിച്ച് ഇറക്കിവിടുകയും ചെയ്തു. ശേഷം പൊലീസുകാരെ കെട്ടിയിട്ട സ്ഥലത്തെത്തി യൂണിഫോമും വാനും അവിടെ ഉപേക്ഷിച്ച് ഗുണ്ടകള്‍ പെണ്‍കുട്ടിയുമായി കടന്നു.
സംഭവത്തിന് പിന്നില്‍ ദേവ്രാജ് സിങെന്ന ഗുണ്ടയും സഹായികളുമാണെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നുവെന്നും വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തതിനാല്‍ കടത്തിക്കൊണ്ടുപോയെന്നുമാണ് പൊലീസിന്റെ നിഗമനം. ഈ ബന്ധത്തെ എതിര്‍ത്ത അമ്മാവനെതിരെ പെണ്‍കുട്ടി നേരത്തെ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് ശേഷമേ ദേവ്രാജ് സിങും സംഘവുമാണ് പിന്നിലെന്ന് ഉറപ്പിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.