India
പ്രണയദിനത്തില്‍ ക്യാംപസ്സില്‍ വരരുത്; വിദ്യാര്‍ഥികളോട് ലക്നൌ യൂണിവേഴ്സിറ്റിപ്രണയദിനത്തില്‍ ക്യാംപസ്സില്‍ വരരുത്; വിദ്യാര്‍ഥികളോട് ലക്നൌ യൂണിവേഴ്സിറ്റി
India

പ്രണയദിനത്തില്‍ ക്യാംപസ്സില്‍ വരരുത്; വിദ്യാര്‍ഥികളോട് ലക്നൌ യൂണിവേഴ്സിറ്റി

Sithara
|
28 May 2018 8:51 PM GMT

പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനത്തില്‍പ്പെട്ട് ചില വിദ്യാര്‍ഥികള്‍ പ്രണയദിനം ആഘോഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം ആഘോഷങ്ങള്‍ ക്യാംപസ്സില്‍ അനുവദിക്കില്ലെന്നും യൂണിവേഴ്സിറ്റി

വാലന്‍റൈന്‍സ് ഡേയ്ക്ക് ക്യാംപസ്സില്‍ പ്രവേശിക്കരുതെന്ന് വിദ്യാര്‍ഥികളോട് ലക്നൌ യൂണിവേഴ്സിറ്റി. പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനത്തില്‍പ്പെട്ട് ചില വിദ്യാര്‍ഥികള്‍ പ്രണയദിനം ആഘോഷിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം ആഘോഷങ്ങള്‍ ക്യാംപസ്സില്‍ അനുവദിക്കില്ലെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഉത്തരവ് ലംഘിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 14ന് യൂണിവേഴ്സിറ്റിയിലെ എല്ലാ ഡിപാര്‍ട്ട്മെന്‍റുകള്‍ക്കും അവധിയാണ്. സ്പെഷ്യല്‍ ക്ലാസ്സോ പരീക്ഷയോ മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളോ നാളെ ക്യാംപസ്സിലുണ്ടാവില്ല. വിദ്യാര്‍ഥികള്‍ ക്യാംപസ്സിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് യൂണിവേഴ്സിറ്റി പ്രോക്ടര്‍ വിനോദ് സിങ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

അതേസമയം യൂണിവേഴ്സിറ്റി അധികൃതര്‍ സദാചാര പൊലീസ് ചമയുകയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ യൂണിവേഴ്സിറ്റിക്ക് അവകാശമില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

ലക്നൌവില്‍ പ്രണയദിനാഘോഷങ്ങള്‍ക്കെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തുവരാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ആന്‍റി റോമിയോ സ്ക്വാഡുകള്‍ അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Tags :
Similar Posts