പിഎന്‍ബി വായ്പ തട്ടിപ്പ്; അന്വേഷണത്തോട് സഹകരിക്കാനാവില്ലെന്ന് നീരവ് മോദി
|അടുത്തയാഴ്ച്ച അന്വേഷണവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും രാജ്യത്തെത്തണമെന്ന് സിബിഐ നീരവിനോട് വീണ്ടും ആവശ്യപ്പെട്ടു.
വായ്പ തട്ടിപ്പ് കേസിലെ അന്വേഷണവുമായി സഹകരിക്കാനാവില്ലെന്ന് നീരവ് മോദി. സിബിഐയെ, ഇ-മെയിലിലൂടെയാണ് നീരവ് ഇക്കാര്യം അറിയിച്ചത്. അടുത്തയാഴ്ച്ച അന്വേഷണവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും രാജ്യത്തെത്തണമെന്ന് സിബിഐ നീരവിനോട് വീണ്ടും ആവശ്യപ്പെട്ടു. 12636 കോടി രൂപയാണ് നീരവ് മോദിയും കൂട്ടരും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ അനധികൃത ജാമ്യപത്ര ങ്ങള്‍ ഉപയോഗിച്ച് വായ്പയെടുത്തത്.
വായ്പ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ നീരവിന്‍റേയും അമ്മാവന്‍ മെഹുല്‍ ചോക്സിയുടേയും സ്വത്തുക്കള്‍ സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമടക്കമുള്ള ഏജന്‍സികള്‍ കണ്ടുകെട്ടിയിരുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ രാജ്യംവിട്ട പ്രതികളോട് അടുത്തയാഴ്ച്ച ചോദ്യം ചെയ്യലിന് വിധേയമാകാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അന്വേഷണത്തോട് സഹകരിക്കാനാവില്ലെന്ന് കാണിച്ച് നീരവ് മോദി സിബിഐക്ക് ഇ-മെയില്‍ അയച്ചു. വിദേശത്തെ ബിസിന സുകള്‍ നോക്കിനടത്താനുള്ളതിനാല്‍ രാജ്യത്തേക്ക് മടങ്ങിവരാനാവില്ലെന്നാണ് നീരവിന്‍റെ വിശദീകരണം. നീരവിന്‍റെ മറുപടി തള്ളിയ സിബിഐ ചോദ്യംചെയ്യലിന് എത്തണമെന്നാവശ്യപ്പെട്ട് വീണ്ടും മെയിലയച്ചിട്ടുണ്ട്. നേരത്തെ നീരവിനോട് അടുത്തയാഴ്ച്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈയിലെ കോടതി സമന്‍സും പുറപ്പെടുവിച്ചിരുന്നു. ഇതിനുപുറമെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രണ്ട് തവണ നീരവിനോട് ആവശ്യപ്പെട്ടെങ്കിലും നീരവ് പ്രതികരിച്ചില്ല.