രാജസ്ഥാനില്‍ പശു സംരക്ഷകരുടെ ആക്രമങ്ങളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട്
|ഉത്തരേന്ത്യയില്‍ ഹിന്ദു മുസ്ലിം സൗഹൃദമുള്ള പ്രദേശങ്ങളില്‍ പോലും ഇതിലൂടെ ന്യൂനപക്ഷ വിരുദ്ധമനോഭാവം ഉയര്‍ന്നു വരുന്നുണ്ടെന്ന് കിസാന്‍ സഭാ നേതൃത്വം കുറ്റപ്പെടുത്തി.
രാജസ്ഥാനില്‍ പശുസംരക്ഷണത്തിനായി പൊലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട്. പശു സംരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷക സംഘടന കൂട്ടായ്മയായ ഭൂമി അധികാര്‍ ആന്തോളന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് സമാശ്വാസ നടപടിയുമായി എത്തുന്നില്ലെന്നും ഭൂമി അധികാര്‍ ആന്തോളന്‍ കുറ്റപ്പെടുത്തി.
കിസാന്‍സഭ ഉള്‍പ്പെടുന്ന കര്‍ഷക സംഘടനകളുടെ നേതാക്കളും ജനപ്രതിനിധികളും അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ട വസ്തുതാ അന്വേഷണ സംഘം ഗോരക്ഷാ അതിക്രമങ്ങള്‍ നടന്ന നാടുകളിലും ഇരകളുടെ വീടികളിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് റിപ്പോര്ട്ട് തയ്യാറാക്കിയത്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് നയമാണ് പശുവിന്റെ പേരിലൂടെ സംഘപരിവാര്‍ നടപ്പാക്കുന്നത്. ഉത്തരേന്ത്യയില്‍ ഹിന്ദു മുസ്ലിം സൗഹൃദമുള്ള പ്രദേശങ്ങളില്‍ പോലും ഇതിലൂടെ ന്യൂനപക്ഷ വിരുദ്ധമനോഭാവം ഉയര്‍ന്നു വരുന്നുണ്ടെന്ന് കിസാന്‍ സഭാ നേതൃത്വം കുറ്റപ്പെടുത്തി.
അക്രമമുണ്ടായ മേഖലയില്‍ സമാശ്വാസ നടപടിയുമായി പോലും കോണ്‍ഗ്രസ് എത്തുന്നില്ലെന്നാണ് വിമര്‍ശം. രാജസ്ഥാനില്‍ പശുകടത്തിനെ കള്ളക്കടത്തായാണ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നതെന്നും വസ്തുത അന്വേഷണ സംഘാംഗമായ കെകെ രാഗേഷ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് 2012-17 കാലഘട്ടങ്ങളില്‍ പശുവിന്റെ പേരില്‍ 78 അക്രമ സംഭവങ്ങളാണ് രാജ്യത്ത് നടന്നത്. ഇതില്‍ 76 എണ്ണവും നടന്നത് ബിജെപി അധികാരത്തില്‍ എത്തിയ 2014 ന് ശേഷമാണെന്ന കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്.