മോദി ആപ്പ് ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നത് 22 ഇനം വിവരങ്ങള്‍
|ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് അനായാസം ചോര്‍ത്താനാകുമെന്ന കാര്യം പുറത്തായതോടെ മോദി ആപ്പ് കഴിഞ്ഞ ദിവസം പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയിരുന്നു.
വിവാദമായ നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നത് 22 ഇനം വിവരങ്ങള്‍. ഫോട്ടോകള്‍, ഫോണ്‍ റെക്കോര്‍ഡ്, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. പേടിഎം, ആമസോണ്‍ അടക്കമുള്ള പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ആപ്പുകള്‍ പോലും ആവശ്യപ്പെടാത്ത വിവരങ്ങളാണ് സേവനം ലഭ്യമാക്കാനായി നമോ ആപ്പ് ചോദിക്കുന്നത്.
സേവനം ലഭ്യമാക്കാനായി ആമസോണ്‍ ആപ്പ് ആവശ്യപ്പെടുന്നത് 17 തരം വിവരങ്ങള്‍ മാത്രം, പേടിഎം ആപ്പ് ചോദിക്കുന്നത് ഇതുപത്തിഅഞ്ചും ഡല്‍ഹി പോലീസ് ആപ്പ് ആവശ്യപ്പെടുന്നത് 26 ഉം തരം വിവരങ്ങള്‍. വിവരങ്ങള്‍ നേടുക വഴി കച്ചവട താല്പര്യമുള്ളതും അല്ലാത്തതുമായ വിപുലമായ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ ലഭ്യമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ആപ്പുകള്‍ പോലും ആവശ്യപ്പെടാത്ത നിര്‍ണ്ണായ വിവരങ്ങള്‍ മോദി ആപ്പ് ചോദിക്കുന്നത്.
പ്രധാന മന്ത്രിയുടെ പ്രസ്താവനകളും മന്‍കിബാത്ത് അടക്കമുള്ള പരിപാടികളുടെ വിശേഷങ്ങളുമാണ് മോദി ആപ്പില്‍ പ്രധാനമായും ലഭിക്കുക, എന്നാല്‍ ഇതിനായി ഫോണിലെ ഫോട്ടോകള്‍, ഫോണ്‍ നമ്പറുകള്‍, മെമ്മറി കാര്‍ഡിലെ ഉള്ളടക്കം, ഈ ഉള്ളടക്കത്തില്‍ മാറ്റം വരുത്താനുള്ള അനുവാദം, വൈഫെ വിവരങ്ങള്‍, ഫോണ്‍ സ്റ്റാറ്റസ് ഐഡന്റിറ്റി, ഫോണ്‍ റെക്കോഡ് സെറ്റിംഗ്സില് മാറ്റങ്ങള്‍ അടക്കമുള്ള 22 വിവരങ്ങള്‍ ചോദിച്ചിരിക്കുന്നത്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് അനായാസം ചോര്‍ത്താനാകുമെന്ന കാര്യം പുറത്തായതോടെ മോദി ആപ്പ് കഴിഞ്ഞ ദിവസം പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയിരുന്നു. സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഫോണ്‍ നമ്പര്‍, ഇമെയില്‍ അടക്കമുള്ള മൂന്നാം കക്ഷിക്ക് നല്‍കുമെന്നാണ് പുതിയ പോളിസിയിലുള്ളത്. ഇവ രഹസ്യമാക്കി സൂക്ഷിക്കുമെന്നായിരുന്നു പഴയ പോളിസി.