ഗൂഡല്ലൂരിലെ ഫലം പ്രവചനാതീതം
|ഡിഎംകെയും എഐഎഡിഎംകെയും മണ്ഡലം അവകാശപ്പെടുമ്പോള്‍ മറ്റു കക്ഷികള്‍ നേടുന്ന വോട്ടുകളായിരിയ്ക്കും വിജയത്തെ സ്വാധീനിയ്ക്കുക.
തമിഴ്നാട്ടില്‍ തന്നെ, ഫലം പ്രവചിയ്ക്കാന്‍ സാധിയ്ക്കാത്ത മണ്ഡലങ്ങളില്‍ ഒന്നാണ് ഗൂഡല്ലൂര്‍. ഡിഎംകെയും എഐഎഡിഎംകെയും മണ്ഡലം അവകാശപ്പെടുമ്പോള്‍ മറ്റു കക്ഷികള്‍ നേടുന്ന വോട്ടുകളായിരിയ്ക്കും വിജയത്തെ സ്വാധീനിയ്ക്കുക.
ആറ് പഞ്ചായത്തുകളും രണ്ട് നഗരസഭയും അടങ്ങുന്നതാണ് ഗൂഡല്ലൂര്‍ മണ്ഡലം. നിലവില്‍, ഒരു പഞ്ചായത്തിലും ഒരു നഗരസഭയിലും മാത്രമാണ് ഡിഎംകെയ്ക്ക് ഭരണമുള്ളത്. നിലവിലെ എംഎല്‍എ അഡ്വ.എം.ദ്രാവിഡമണിയാണ് ഡിഎംകെ സ്ഥാനാര്‍ഥി. പ്രതിപക്ഷത്തിരുന്നാലും മണ്ഡലത്തിനായി ചെയ്ത കാര്യങ്ങളാണ് ദ്രാവിഡമണി വോട്ടര്‍മാര്‍ക്കു മുന്‍പില്‍ വെയ്ക്കുന്നത്.
എഐഎഡിഎംകെ നീലഗിരി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കലൈശെല്‍വനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ഥി. മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇവരുടെ പ്രചാരണത്തിലുള്ളത്. ഇത് കാര്യമായി ജനങ്ങളില്‍ എത്തിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നതും. ഓരോ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡ് ഷോകള്‍ നടത്തിയും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചുമാണ് കലൈശെല്‍വന്‍ മുന്നേറുന്നത്.
മുന്നണി സംവിധാനത്തിലല്ലാതെ ബിജെപി ഒറ്റയ്ക്കു മത്സരിയ്ക്കുന്ന മണ്ഡലമാണ് ഗൂഡല്ലൂര്‍. അഡ്വ.പി.എം. പരശുറാമാണ് സ്ഥാനാര്‍ഥി. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഗൂഡല്ലൂരിലെത്തിയ്ക്കാന്‍ വോട്ടു നല്‍കണമെന്നാണ് പരശുറാം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിയ്ക്കുന്നത്.
സിപിഎം ഉള്‍പ്പെടുന്ന മക്കള്‍ നല കൂട്ടണിയും പാട്ടാളി മക്കള്‍ കക്ഷിയെയും കൂടാതെ,രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളും മണ്ഡലത്തിലുണ്ട്. ഡിഎംകെയും എഐഎഡിഎംകെയും ഇഞ്ചോടിഞ്ച് മത്സരിയക്കുന്ന മണ്ഡലത്തില്‍ മറ്റ് മുന്നണികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും നേടുന്ന വോട്ടുകളായിരിയ്ക്കും വിധി നിര്‍ണയിക്കുക. കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടുന്ന മുന്നണിയെ വിജയിപ്പിയ്ക്കുന്ന ചരിത്രമാണ് ഗൂഡല്ലൂരിന്റെത്. ഈ ചരിത്രം ഇക്കുറി ഡിഎംകെയ്ക്ക് ആശ്വാസം പകരുന്നു.