ഭൊപ്പയ്യ പ്രോടെം സ്പീക്കര്‍: രാവിലെ പത്തരക്ക് സുപ്രീം കോടതി ഹരജി പരിഗണിക്കും
|കര്‍ണാടകയില്‍ കെ.ജി ഭൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെ ഡി എസ്സുമാണ് ഹരജി സമര്‍പ്പിച്ചത്
കര്‍ണാടകയില്‍ കെ ജി ഭൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച അപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 10.30 വാദം കേള്‍ക്കും. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ച് തന്നെയാണ് കേസ് പരിഗണിക്കുക. ഇന്നലെ രാത്രിയാണ് ഇരു പാര്‍ട്ടികളും അപേക്ഷ സമര്‍പ്പിച്ചത്.
ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ഭൊപ്പയ്യയെ ഗവര്‍ണര്‍ പ്രൊ ടേം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ്- ജെഡിഎസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചു. രാത്രി രജിസ്റ്റാറെ കണ്ട് ഇരു പാര്‍ട്ടികളും വെവ്വേറെ അപേക്ഷ സമര്‍പ്പിച്ചു. എത്രയും വേഗത്തില്‍ കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ടങ്കിലും കഴിഞ്ഞ ദിവസത്തെ പോലെ രാത്രി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. രാവിലെ 11 ന് നിയമ സഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയാരംഭിക്കും. അതിന് അരമണിക്കൂര്‍ മുമ്പ് കോടതി അപേക്ഷകള്‍ പരിഗണിക്കും.
പ്രോ ടേം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് കെ ജി ഭൊപ്പയ്യെയെ മാറ്റണം, ഏറ്റവും മുതിര്‍ന്ന അംഗത്തെ ആ സ്ഥാനത്ത് നിയമിക്കണം, സഭയിലെ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണം. സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പമല്ലാതെ ഒന്നും അജണ്ടയില്‍ പാടില്ല തുടങ്ങിവ നിര്‍ദ്ദേശങ്ങളോ ഉത്തരവോ ആയി പുറപ്പെടുവിക്കണം എന്നാണ് അപേക്ഷകളിലെ പ്രധാന ആവശ്യങ്ങള്‍.