റോഡ് റണ്‍വേയാണെന്ന് കരുതി പൈലറ്റ്, പിന്നെ സംഭവിച്ചത്
|സംഭവത്തെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ 6E-237 വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ....
വിമാനത്താവളത്തോട് ചേര്‍ന്നുള്ള റോഡ് റണ്‍വേയാണെന്ന് കരുതി വിമാനമിറക്കാന്‍ പൈലറ്റുമാരുടെ ശ്രമം. കോക്പിറ്റിനുള്ളിലെ മുന്നറിയിപ്പു സംവിധാനം യഥാസമയം പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജെയ്പൂര്‍ വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റുമാര്‍ റോഡ് റണ്വേയാണെന്ന ധാരണയില്‍ വിമാനം ഇറക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ 6E-237 വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
അഹമ്മദബാദില്‍ നിന്നും ജെയ്പൂരിലേക്ക് വരികയായിരുന്നു വിമാനം. റണ്‍വേയോട് തൊട്ടടുത്ത് കിടക്കുന്ന റോഡാണ് പൈലറ്റുമാരുടെ തെറ്റിദ്ധാരണക്ക് കാരണമായത്. വിമാനം നിലംതൊടുന്നതില് നിന്നും 900 അടി അഥവാ 1.5 മിനുട്ട് മാത്രം ബാക്കി നില്‍ക്കെ കോക്പിറ്റിനുള്ളിലെ എന്‍ഹാന്‍സ്ഡ് ഗ്രൌണ്ട് പ്രോക്സിമിറ്റി സിസ്റ്റം (EGPWS) ശബ്ദിച്ചു. ഇതോടെ അബദ്ധം മനസിലാക്കിയ പൈലറ്റുമാര്‍ വിമാനം പൂര്‍വ്വസ്ഥിതിയിലാക്കി. താഴെ ഇറങ്ങുന്ന സമയത്ത് മിനുട്ടില്‍ 700 അടി വേഗത്തിലാണ് വിമാനം സഞ്ചരിക്കുക. പൈലറ്റുമാര്‍ക്ക് ആവശ്യമായ മുന്‍കൂര്‍ സന്ദേശം നല്കുന്ന സംവിധാനമാണ് EGPWS.
സംഭവത്തിന്റെ ഒരു ഘട്ടത്തിലും യാത്രക്കാരുടെ ജീവിതം അപകടത്തിലായിരുന്നില്ലെന്നും പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് പിന്‍വലിച്ച ശേഷം തങ്ങള്‍ തന്നെയാണ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.