India
സ്മൃതി ഇറാനിക്ക് വിനയായത് വിദ്യാഭ്യാസ രംഗത്തെ വിവാദങ്ങള്‍സ്മൃതി ഇറാനിക്ക് വിനയായത് വിദ്യാഭ്യാസ രംഗത്തെ വിവാദങ്ങള്‍
India

സ്മൃതി ഇറാനിക്ക് വിനയായത് വിദ്യാഭ്യാസ രംഗത്തെ വിവാദങ്ങള്‍

Sithara
|
28 May 2018 4:03 PM GMT

ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളാണ് സ്മൃതി ഇറാനിക്ക് തിരിച്ചടിയായത്

മാനവവിഭശേഷി മന്ത്രിസ്ഥാനത്ത് നിന്ന് സ്മൃതി ഇറാനിയെ മാറ്റിയതാണ് കേന്ദ്ര മന്ത്രിമാരുടെ വകുപ്പ് മാറ്റത്തില്‍ ഏറ്റവും പ്രധാനം. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളാണ് സ്മൃതി ഇറാനിക്ക് തിരിച്ചടിയായത്. നിയമ വകുപ്പിന്റെ മോശം പ്രകടനം സദാനന്ദ ഗൌഡക്കും വിനയായി.

ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞടുപ്പ് മാത്രമല്ല, കഴിഞ്ഞ രണ്ട് വര്‍ഷകാലത്തെ കേന്ദ്ര മന്ത്രിമാരുടെ പ്രകടനവും അവര്‍‌ സൃഷ്ടിച്ച വിവാദങ്ങളും കേന്ദ്രമന്ത്രി സഭ വിപുലീകരണത്തിലും വകുപ്പ് മാറ്റങ്ങളിലും നിര്‍ണാക ഘടകമായി എന്ന് വ്യക്തം. മാനവശേഷി വകുപ്പുപോലെ സുപ്രധാനമായൊരു വകുപ്പ് താരതമ്യേന പുതുമുഖമായ സ്മൃതി ഇറാനിയെ ഏല്‍പ്പിച്ചതില്‍ തുടക്കം മുതലേ വിമര്‍ശം ഉയര്‍ന്നിരുന്നു. പിന്നീട് യുജിസി ഫെലോഷിപ്പ് തടയല്‍, ദളിത് വിവേചന ആരോപണം, രോഹിത് വെമുല ആത്മഹത്യ, ജെഎന്‍യു ദേശ വിരുദ്ധത ആരോപണം തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ നീണ്ടനിരയാണ് കഴിഞ്ഞ രണ്ട് വര്‍ഷം സര്‍ക്കാരിന് നേരിടേണ്ടി വന്നത്. ഇതിലൊരു വിഷയവും ക്രിയാത്മകമായി പരിഹരിക്കാനായില്ലെന്ന് മാത്രമല്ല ആരോപണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പോലും ഒരു മന്ത്രി എന്ന നിലയിലെ സ്മൃതി ഇറാനിയുടെ പരിചയക്കുറവ് വ്യക്തമാക്കുന്നതാണെന്നും വിമര്‍ശമുയര്‍ന്നിരുന്നു. പുറമെ വ്യാജ ബിരുദ ആരോപണവും മന്ത്രിക്ക് തിരച്ചടിയായെന്നാണ് വിലയിരുത്തല്‍.

മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന രണ്ട് അവലോകനയോഗങ്ങളില്‍ പ്രധാനമന്ത്രിയുടെ അതൃപ്തി നേരിട്ട വകുപ്പായിരുന്നു നിയമവകുപ്പ്. ഈ സാഹചര്യത്തിലാണ് സദാനന്ദ ഗൌഡക്ക് നിയമ വകുപ്പ് നഷ്ടമായത്. വെങ്കയ്യ നായിഡുവിന്റെ ഭരണ ഭാരം ഒഴിവാക്കാനാണ് അനന്ത് കുമാറിന് പാര്‍ലമെന്‍റി കാര്യ വകുപ്പിന്റെ അധിക ചുമതല നല്‍കിയതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Similar Posts