India
India

ആഗോള താപനം ചെറുക്കുന്നതിനുള്ള പാരീസ് ഉടമ്പടി ഇന്നുമുതല്‍‌‌

Khasida
|
29 May 2018 3:47 AM GMT

രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ ജന്മദിനം തന്നെ ഉടമ്പടി നടപ്പിലാക്കാന്‍ ഇന്ത്യ പ്രതീകാത്മകമായി തെരഞ്ഞെടുക്കുകയായിരുന്നു

ഗാന്ധി ജയന്തി ദിനമായ ഇന്ന് മുതല്‍ ആഗോള താപനം ചെറുക്കുന്നതിനുള്ള പാരീസ് ഉടമ്പടി ഇന്ത്യ നടപ്പിലാക്കിത്തുടങ്ങും. കഴിഞ്ഞ ഏപ്രില്‍ 22നാണ് ഇന്ത്യയുള്‍പ്പെടേ 174 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും പാരീസ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ഉടമ്പടി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഒരുപിടി പരിസ്ഥിതി സൌഹൃദതീരുമാനങ്ങള്‍ ഇന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും.

ആഗോളതാപനം ചെറുക്കാന്‍ 1997 ല്‍ ഒപ്പിട്ട ക്യോട്ടോ പ്രോട്ടോക്കോളിന്റെ പിന്‍ഗാമിയാണ് പാരിസ് ഉടമ്പടി. കഴിഞ്ഞ ഡിസംബറില്‍ പാരിസില്‍ നടന്ന ഉച്ചകോടിയുടെ തുടര്‍ച്ചയായി 2016 ഏപ്രില്‍ 22 നാണ് ഇന്ത്യയുള്‍പ്പടെ 174 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ശരാശരി ഭൗമതാപനില, വ്യവസായിക വിപ്ലവത്തിന് മുമ്പുള്ളതിലും രണ്ടുഡിഗ്രി സെല്‍ഷ്യസില്‍ കൂടാതെ കാക്കുക എന്നതാണ് പാരിസ് ഉടമ്പടി ലക്ഷ്യംവെയ്ക്കുന്നത്. രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ ജന്മദിനം തന്നെ ഉടമ്പടി നടപ്പിലാക്കാന്‍ ഇന്ത്യ പ്രതീകാത്മകമായി തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തെ 25 ചരിത്ര സ്മാരകങ്ങളില്‍ പോളിത്തീന്‍ നിരോധിച്ച് കൊണ്ടാണ് ഉടമ്പടി നടപ്പിലാക്കിത്തുടങ്ങുന്നത്.

ഉത്തരവ് പ്രാബല്യത്തില്‍ വന്ന് രണ്ട് മാസത്തിന് ശേഷം ചരിത്ര സ്മാരകങ്ങളില്‍ പോളിത്തീന്‍ കൊണ്ടുവരുന്നവരില്‍ നിന്ന് പിഴ ചുമത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ടെക്നോളജികള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുക, പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ നിരവധി തീരുമാനങ്ങള്‍ ഉടമ്പടിയുടെ ഭാഗമായി നടപ്പിലാക്കപ്പെടും.

Similar Posts