അമിത് ഷാ രാജ്യദ്രോഹി, ഹര്‍ദിക് പട്ടേല്‍ രാജ്യസ്നേഹി: ഗുജറാത്തില്‍ കെജ്രിവാള് കത്തിക്കയറുന്നു
|ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറല്‍ ഡയറിനോട് അമിത് ഷായെ ഉപമിച്ച കെജ്രിവാള്, ബിജെപി അധ്യക്ഷന്‍ രാജ്യദ്രോഹിയാണെന്നും പറഞ്ഞു
ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറല്‍ ഡയറിനോട് അമിത് ഷായെ ഉപമിച്ച കെജ്രിവാള്, ബിജെപി അധ്യക്ഷന്‍ രാജ്യദ്രോഹിയാണെന്നും പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് സൂറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടേല്‍ സംവരണത്തിനായി തെരുവിലിറങ്ങി പോരാടിയ ഹര്ഹിദ് പട്ടേല്‍ തികഞ്ഞ രാജ്യസ്നേഹിയാണെന്നും കെജ്രിവാള് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഭര്‍ത്താവും ഭാര്യയും കളിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഏകസ്വരത്തിലാണ് മുന്നോട്ടുനീങ്ങുന്നതെന്നും കെജ്രിവാള് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്ത് സഭയില്‍ ആം ആദ്മി ഇരിക്കുമെന്നും അല്ലാതെ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് നേരെ വെടിയുതിര്‍ക്കാന്‍ പൊലീസിന് ആരാണ് നിര്‍ദേശം നല്‍കിയതെന്ന് ചോദിച്ച കെജ്രിവാള്, പ്രതിഷേധിച്ചത് തീവ്രവാദികളല്ലെന്നും ഇന്ത്യന്‍ പൌരന്മാരാണെന്നും ചൂണ്ടിക്കാട്ടി. 14 യുവാക്കളാണ് പൊലീസ് അതിക്രമത്തില്‍ മരിച്ചത്. ആരാണ് ഇതിന് ഉത്തവിട്ടതെന്ന് എല്ലാവര്ക്കും അറിയാം, അത് അമിത് ഷായാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രിയും അമിത് ഷായുടെ റബര്‍ സ്റ്റാമ്പുകളാണെന്നും അദ്ദേഹം ആരോപിച്ചു.