പ്രധാനമന്ത്രിയായാല്‍ ഓരോ പൌരന്റെയും അക്കൌണ്ടില്‍ 20 ലക്ഷം നിക്ഷേപിക്കും: അസം ഖാന്‍
|ഞാന്‍ ചായയുണ്ടാക്കും, ഡ്രം വായിക്കും, പ്രധാനമന്ത്രിയാകാനും കഴിയുമെന്നും അസം ഖാന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥിരം വിമര്‍ശകനാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. തനിക്ക് പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. തനിക്ക് ചായയുണ്ടാക്കാനറിയാം, പാചകമറിയാം, മാന്യമായി വസ്ത്രം ധരിക്കുന്നുണ്ട്, ഡ്രം വായിക്കുന്നുണ്ട്, ഇതെല്ലാമല്ലേ പ്രധാനമന്ത്രിയുടെ യോഗ്യത.. ഇവയെല്ലാം തനിക്കുണ്ടെന്നും താന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നുമാണ് അസംഖാന്റെ പരാമര്‍ശം.
കഴിഞ്ഞില്ല, തന്നെ കാണാനും കുഴപ്പമൊന്നുമില്ലെന്നും താന്‍ അഴിമതിക്കാരനല്ലെന്നും അസം ഖാന്‍ പറയുന്നു. സഹറന്‍പൂരില്‍ നടന്ന ഇ-റിക്ഷ വിതരണചടങ്ങിനിടെയായിരുന്നു അസംഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ചായക്കടക്കാരനായുള്ള മോദിയുടെ പൂര്‍വകാലവും മോണോഗ്രാം സ്യൂട്ടുകളും ജപ്പാന്‍, താന്‍സാനിയ യാത്രകളിലെ ഡ്രം വായനകളെയും പരിഹസിക്കുകയായിരുന്നു അസംഖാന്‍.
മാത്രമല്ല, താന്‍ പ്രധാനമന്ത്രിയായാല്‍ ആറുമാസത്തിനുള്ളില്‍ 130 കോടി ജനങ്ങളുടെയും അക്കൌണ്ടില്‍ 20 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്‍ദാനത്തെ പരിഹസിച്ചുകൊണ്ട് അസംഖാന്‍ പറഞ്ഞു. ഓരോ പൌരന്റെയും അക്കൌണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്‍ദാനം.